മനുഷ്യരെ പോലെ തന്നെയാണ് ഓഹരികളും. ചൂടന്മാരുണ്ട്.തണുപ്പന്മാരുണ്ട്.പരോപകാരികളുമുണ്ട്.
ഓഹരിയുടെ സ്വഭാവം (Nature of the stock) തിരിച്ചറിയാൻ കഴിയുന്നതാണ് നിക്ഷേപകന്റെ വിജയം.എന്നാൽ,അതു ട്രേഡിങ് ടെർമിനലിൽ നിന്നോ വാർത്തകളിൽ നിന്നോ മാത്രമായി മനസ്സിലാക്കാൻ കഴിയില്ല താനും.
ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാനുള്ള എളുപ്പ വഴി അതിന്റെ ഇന്നോളം ഉള്ള യാത്രയുടെ ഗതി മനസ്സിലാക്കുകയാണ്.വിപണി കയറുമ്പോൾ അതിനേക്കാൾ വേഗം കയറുന്ന ഓഹരികളെയാണ് ഞാൻ ചൂടന്മാർ എന്നു വിളിക്കുന്നത്.സാങ്കേതികമായി, ഉയർന്ന ബീറ്റാ ഉള്ള ഓഹരികൾ എന്നു പറയും.ഒരു ഓഹരിയുടെ വിലയിൽ സൂചികയുടെ ചാഞ്ചാട്ടത്തിനൊത്തു ഉണ്ടാകുന്ന മാറ്റത്തെയാണ് ബീറ്റാ സൂചിപ്പിക്കുന്നത്.ബീറ്റാ ഒന്നിൽ കൂടുതൽ ഉള്ള ഓഹരികളിൽ ചാഞ്ചാട്ടം കൂടുതൽ ആയിരിക്കും.വിപണി ഇറങ്ങുമ്പോൾ,ഇവ വളരെ വേഗത്തിൽ ഇറങ്ങുന്നതായി കാണാം.പല കൺസ്ട്രക്ഷൻ കമ്പനികളുടെയും ബീറ്റാ കൂടുതൽ ആണ്.1.3 ബീറ്റാ ഉള്ള ഒരു ഓഹരിയ്ക്കു വിപണി സൂചികയേക്കാൾ മുപ്പതു ശതമാനം കൂടുതൽ നേട്ടം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഒന്നിൽ താഴെ ബീറ്റാ ഉള്ള ഓഹരികളിൽ വിപണി സൂചിക ഉയരുമ്പോൾ,അതിനൊപ്പം നേട്ടം നൽകാൻ കഴിയാറില്ല.എന്നാൽ,വിപണി സൂചിക തകർച്ച നേരിടുമ്പോൾ ഇവ താരതമ്യേന കുറഞ്ഞ വിലയിടിവ് നേരിടുന്നതായി കാണാം.കുറഞ്ഞ ബീറ്റാ ഉള്ള തണുപ്പന്മാരായ ഓഹരികൾ കുറഞ്ഞ കാലയളവിൽ നേട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം അല്ല.എന്നാൽ,ദീർഘ കാലയളവിൽ ഇവ മികച്ച നേട്ടം നൽകുന്നതായി കാണാറുണ്ട്.ഫാർമാ,കൺസ്യൂമർ ഗുഡ്‌സ് മേഖലകളിൽ ഇത്തരം ഓഹരികൾ ഉണ്ട്.
എന്നാൽ,നിക്ഷേപകർക്ക് സ്ഥിരമായി മികച്ച നേട്ടം നൽകുന്ന ഓഹരികളെയാണ് ഞാൻ പരോപകാരികൾ എന്നു വിളിക്കുന്നത്.ഇത്തരം ഓഹരികളിൽ സൂചിക ഇറങ്ങുമ്പോൾ പോലും ,ചിലപ്പോൾ നേട്ടം ഉണ്ടാകുന്നതായി കാണാം.മാർക്കറ്റ് സെന്റിമെൻറ് അനുകൂലമായി നിൽക്കുമ്പോഴാണ് ഓഹരികൾക്ക് ഏറെക്കാലം മികച്ച നേട്ടം തുടരെ നൽകാൻ കഴിയുക.
ഓരോ ഓഹരിയുടെയും വിലനിലവാരം പരിശോധിച്ചാൽ ഇതു മനസ്സിലാക്കാൻ കഴിയും.എന്നാൽ,ഒരു ദിവസത്തെയോ ഒരു ആഴ്ചത്തേയോ ചാർട്ട് മാത്രം നോക്കിയാൽ ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാൻ കഴിയില്ല.അതിനു,കുറഞ്ഞത് ഒരു വർഷത്തെ ചാർട്ട് എങ്കിലും പരിശോധിക്കണം.സെൻസെക്‌സിന്റെ ദിശയുമായി ഇതിനെ ചേർത്തു നോക്കിയാൽ,നിങ്ങൾക്കു ഓഹരി ഏതു ഗണത്തിലാണെന്നു കണ്ടെത്താൻ കഴിയും.
എന്നാൽ,ദീർഘ കാലമായി വില ഇറങ്ങുന്ന ഓഹരികൾക്കു മൂന്നു വര്ഷത്തെയോ അതിനു മുകളിലോ ഉള്ള ചാർട്ടുകൾ നോക്കി ഗതി പരിശോധിക്കേണ്ടി വരും.ഉദാഹരണത്തിനു,രണ്ടായിരത്തി ഏഴിൽ, നൂറ്റി അറുപതു രൂപ ഉണ്ടായിരുന്ന ത്രീ ഐ ഇൻഫോ ടെക് തുടർച്ചയായി ഇറങ്ങിയാണ് ഇന്നത്തെ വിലയായ അഞ്ചു രൂപയിൽ വന്നെത്തിയത്,ഇതു മനസ്സിലാക്കാതെ വീണ്ടും ആവറേജ് ചെയ്യുന്നവർക്ക് ഇത്രയും കാലമായി ഒരു തിരിച്ചു കയറ്റം നേടാൻ സാധിച്ചിട്ടില്ല.
മാർക്കറ്റ് സെന്റിമെന്റ് അനുകൂലമാകുമ്പോൾ ഓഹരികളിൽ നീണ്ടകാലയളവിൽ കുതിച്ചു ചാട്ടം ഉണ്ടാകുന്നതായും കാണാനാവും.2009 ൽ എഴുപതു രൂപ ഉണ്ടായിരുന്ന കാൻഫിന് ഹോംസ് ഇപ്പോൾ ആയിരത്തി ഇരുന്നൂറു രൂപയിൽ ഏറെ ആയിട്ടുണ്ട്.
ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാൻ ശ്രമം നടത്തുന്നവർ അതിന്റെ ദീർഘ കാലത്തെയും ഹൃസ്വ കാലത്തെയും ഗതി കൂടി പരിശോധിക്കണം.അതിനു ആഴ്ചകളോ,മാസങ്ങളോ,വർഷങ്ങളോ ഒക്കെ പിന്നോട്ടുള്ള വിലനിലവാരം ഉൾപ്പെടെ നോക്കേണ്ടി വരും.നിക്ഷേപകരുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ഓഹരിയുടെ സ്വഭാവത്തിനു മുഖ്യ പങ്കുണ്ട്.നിങ്ങളുടെ നിക്ഷേപ കാലയളവ് അനുസരിച്ചു,ഏതു തരം ഓഹരികൾ കൈവശം വെയ്ക്കണമെന്ന് തീരുമാനിക്കുന്നതാവും ഉചിതം.
Image courtesy: Economic times.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ