ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?


 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്.

2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.

 ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ ഇന്ത്യയിൽ ആണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.  ഈ സാഹചര്യത്തെ അതിജീവിക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകാതെ തരമില്ല.

നിരവധി കമ്പനികൾ മത്സരാധിഷ്ഠിതമായി രംഗത്തു വന്നതോടെ, ഉന്നത സാങ്കേതികവിദ്യയും ആകർഷകമായ സൗകര്യങ്ങളും ഒത്തുചേർന്ന വാഹനങ്ങൾ വിപണിയിലെത്തി തുടങ്ങി.

ആഗോളതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ 2015-19 കാലയളവിൽ 41% വാർഷിക വളർച്ചയാണ് ഇലക്ട്രിക് വാഹനമേഖല നേടിയത് എന്ന് മനസിലാക്കാം. അടുത്ത വർഷം ഇന്ത്യൻ വാഹനവിപണിയിൽ മത്സരിക്കാൻ  ടെസ്‌ല, ടാറ്റയുടെ അൾട്രോസ് EV, മഹീന്ദ്ര eKUV100, ജാഗ്വാർ ഐ-പേസ് എന്നിവ തയ്യാറാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ  ഇലക്ട്രിക് വാഹനങ്ങളുടെ ഉല്പാദന ഹബ് സൃഷ്‌ടിക്കാൻ ഇന്ത്യക്കു കഴിയുമെന്നാണ് വിലയിരുത്തൽ.

ഇരുചക്രവാഹന നിർമ്മാതാക്കളിൽ പ്രമുഖരായ ഹീറോ മോട്ടോകോർപ് ഇലക്ട്രിക് സ്‌കൂട്ടർ ഉത്പാദകരായ ഏതർ എനർജിയിൽ (Ather Energy) അടുത്തിടെ 84 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2016 മുതൽ തന്നെ ഹീറോ മോട്ടോകോർപിന് ഏതറിൽ നിക്ഷേപം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഓഹരിപങ്കാളിത്തം 34.5% ആയി ഉയർത്തിയിട്ടുണ്ട്.

 പ്രശസ്ത വാഹന ഘടകനിർമ്മാതാക്കളായ ബോഷ് ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ഇൻ-ഹബ് ഡ്രൈവ് സിസ്റ്റം, VCU, ഇൻബിൽറ്റ് PLC ചാർജ് കൺട്രോളർ മുതലായ ഘടകങ്ങളുമായി രംഗത്തെത്തുന്നു. ബജാജ് ചേതക് ഇലക്ട്രിക്, TVS പുറത്തിറക്കുന്ന ഇ-സ്‌കൂട്ടർ, ടാറ്റായുടെ നെക്‌സോൺ, അൾട്രോസ് കാറുകൾ മുതലായവയിൽ ബോഷിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ജനപ്രിയ ഇലക്ട്രിക് കാറുകളിലൊന്നായി മാറിക്കഴിഞ്ഞ ടാറ്റായുടെ നെക്‌സോൺ EV പ്രതിമാസം അഞ്ഞൂറിലധികം യൂണിറ്റുകൾ വിറ്റഴിയുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇലക്ട്രിക് ബസ് മേഖലയിലാകട്ടെ സ്‌റ്റാർബസ്, അർബൻ, അൾട്രാ അർബൻ എന്നീ മോഡലുകൾ ടാറ്റ പുറത്തിറക്കുന്നുണ്ട്. 500 ഇലക്ട്രിക് ബസുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറും ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് പ്രൊമോട്ട് ചെയ്യുന്ന ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ് എന്ന കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ചാർജറുകൾ സപ്ലെ ചെയ്യുന്നതിൽ പ്രമുഖരാണ്. അതുപോലെ ടാറ്റ പവർ ലിമിറ്റഡ് ആകട്ടെ, വാഹനങ്ങളുടെ ചാർജിങ്ങിനു ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

പൊതുമേഖലാ കമ്പനി ആയ എൻ. ടി. പി. സിയാകട്ടെ ചാർജിങ്ങ് സ്റ്റേഷനുകളും അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സ്ഥാപിക്കുന്നതിൽ ശ്രദ്ധ നൽകുന്നു. NTPC യുടെ സബ്‌സിഡറി കമ്പനിയായ NVVN ബാംഗ്ലൂരിലെ മെട്രോ ഫീഡർ സർവീസിലേക്ക് 90 ഇലക്ട്രിക് ബസുകളെ നൽകുന്നതിനുള്ള ടെണ്ടറിൽ വിജയിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് 40 ഇലക്ട്രിക് ബസുകളും അനുബന്ധ ചാർജിങ്ങ് സ്റ്റേഷനുകളും പ്രൊജക്റ്റിന്റെ ഭാഗമായി NVVN  നൽകിയിട്ടുണ്ട്.

എഞ്ചിനുകളുടെയും ഹെവി എക്വിപ്‌മെന്റുകളുടെയും നിർമ്മാതാക്കളായ ഗ്രീവ്സ് കോട്ടണും മാസങ്ങൾക്കു മുൻപുതന്നെ ഈ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. 2019-ലാണ് ഗ്രീവ്സ് കോട്ടൺ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലിറക്കുന്ന ആംപെർ വെഹിക്കിൾസിന്റെ (Ampere Vehicles) അക്വിസിഷൻ പൂർത്തിയാക്കുന്നത്. ആംപെർ കമ്പനി വഴി നോയിഡ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് 3-വീലർ ഉത്പാദകരായ ബെസ്ററ് വേ ഏജൻസീസിനെ കൂടി കഴിഞ്ഞ വർഷം ഗ്രീവ്സ് കോട്ടൺ സ്വന്തമാക്കിക്കഴിഞ്ഞു.  അടുത്ത പത്തു വർഷക്കാലയളവിൽ 700 കോടിയോളം രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ടു ലോകോത്തരമായ ഒരു ഇലക്ട്രിക് വാഹന നിർമ്മാണശാല തമിഴ്‍നാട്ടിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിലാണ് ആംപെർ ഇലക്ട്രിക്.

രേവ (Reva) എന്ന ഇലക്ട്രിക് കാർ കമ്പനിയെ അക്വയർ ചെയ്തുകൊണ്ട് മഹീന്ദ്ര ഈ രംഗത്തേക്ക് ആദ്യചുവടുവയ്പു നടത്തിയിട്ടു ഇപ്പോൾ ഒരു ദശകം പിന്നിടുകയാണ്. രേവ എന്നത് പുനർനാമകരണം ചെയ്തു മഹീന്ദ്ര ഇലക്ട്രിക് എന്ന പേരിലേക്ക് മാറ്റിയിരിക്കുന്നു.

 ട്രെയോ, ഇ ആൽഫ മിനി എന്നീ ഇ-ഓട്ടോകൾ, ഇ-വെരിറ്റോ, ഇ2ഒ പ്ലസ് എന്നീ കാറുകൾ, ഇ-സുപ്രോ എന്ന ഇലക്ട്രിക് വാൻ എന്നിവ മഹീന്ദ്രയുടെ ഉത്പന്നനിരയിലുണ്ട്. മഹീന്ദ്ര XUV300 ന്റെ ഇലക്ട്രിക് വേരിയന്റും വരുന്നുണ്ട്.  2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന മഹീന്ദ്ര അടുത്ത 3 വർഷക്കാലയളവിൽ 3000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ ആസൂത്രണം ചെയ്യുന്നത്.

പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ എക്സൈഡ് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ നൂതനസാങ്കേതികവിദ്യയിലുള്ള ബാറ്ററികളൂം സൊലൂഷനുകളും നിർമ്മിക്കുന്നതിലേക്ക് കടന്നിട്ടുണ്ട്. സ്വിറ്റ്‌സർലാൻഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ പ്രമുഖ എനർജി സ്റ്റോറേജ് ഉത്പന്ന നിർമ്മാതാക്കളായ Leclanche SA യുമായി ചേർന്ന് ഒരു പങ്കാളിത്തബിസിനസ് (joint venture) എക്സൈഡ് രൂപം കൊടുത്തിട്ടുണ്ട്. ഈ JV യിലൂടെ 1.5 GWh ഉല്പാദനശേഷിയുള്ള പ്ലാന്റ് ആണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്.

 സ്വർണ്ണ ബിസിനസിലെ മുൻനിര കമ്പനികളിലൊന്നായ രാജേഷ് എക്സ്പോര്ട്സ് ആകട്ടെ തമിഴ്‌നാട്, കർണാടക ഗവൺമെന്റുകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഇലക്ട്രിക് വാഹന- ലിഥിയം അയൺ ബാറ്ററി ഉല്പാദനശാലയുടെ ഭാഗമാകുന്നതിനുള്ള നടപടിക്രമങ്ങളിലാണ്. കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗം CEO ആയ ശ്യാം രഘുപതിയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിട്ടുള്ളത്. ബാറ്ററി നിർമ്മാതാക്കളായ അമരരാജ ബാറ്ററീസും ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ലിതിയം അയൺ ബാറ്ററി പാക്കുകളുടെ നിർമ്മാണത്തിലും ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപനത്തിലും ഏർപ്പെട്ടിട്ടുണ്ട്. തിരുപ്പതിയിലാണ് കമ്പനിയുടെ പ്രധാന ഉത്പാദനശാല.

 ഇന്ത്യയിൽ  ശൈശവ ദശയിൽ ഉള്ള ഈ മേഖലയിൽ കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെടുകയും, സാങ്കേതികവിദ്യ വികസിക്കുകയും ചെയ്യുന്ന ഘട്ടമാണ് ഇപ്പോൾ ഉള്ളത്. ഉപഭോക്താക്കൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതോടെ പശ്ചാത്യ നാടുകളെ പോലെ ക്രമേണ ഇവിടെയും ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് ഉയരും. ഭാവി സാധ്യതയെ മുൻകൂട്ടി കണ്ടു സിസ്റ്റമാറ്റിക്കായി ദീർഘ കാല നിക്ഷേപം നടത്തുന്നവർക്കാണ്  നേട്ടം ഉണ്ടാകുമെന്ന് അമേരിക്കയിലെ ഇലക്ട്രിക് വാഹനമേഖല തെളിയിച്ചു കഴിഞ്ഞു. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയിലും  ഇലക്ട്രിക് വാഹനമേഖല ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്.

©SONY JOSEPH

Image attribution: https://commons.m.wikimedia.org/wiki/User:Julian_Herzog

Disclaimer:

Investments are subject to market risks.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

എന്താണ് ടെക്നിക്കൽ അനാലിസിസ്?