അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട് കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട് ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍, ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ് പൈലറ്റ് എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന് ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
" തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനുഷ്യനും ജീവിതം പഠിക്കുന്നത്.ഒരിക്കലും വീഴാതെ ഒരു കുട്ടിക്ക് എങ്ങനെ നടക്കാന്‍ കഴിയും?"
"മോശം കാലമാണ് മികച്ച ബിസിനസ്സുകാരെ സൃഷ്ടിക്കുക.ആദ്യ കാലങ്ങളില്‍ പതിമൂന്നു മാസം വരെ ഒരു വരുമാനവുമില്ലാതെ ഞാന്‍ ബിസിനസ്സ് ചെയ്തിട്ടുണ്ട്.ഒരു സാധാരണ വ്യക്തിക്ക് ഇത്തരം സമ്മര്‍ദം പലപ്പോഴും താങ്ങാനാവില്ല.മൂല ധനം സമാഹരിക്കുന്നത് പോലും പലര്‍ക്കും വന്‍ കടമ്പയാണ്.സ്വയം നിങ്ങള്‍ എന്ത് മന്ത്രിക്കുന്നുവോ,അതിനാണ് വാ തോരാതെ സംസാരിക്കുന്നതിനെക്കാള്‍ ശക്തി."
"പണത്തെക്കുറിച്ചാണ് പലരും ഏറ്റവും കൂടുതല്‍ ആലോചിക്കുന്നത്.എന്നാല്‍,ഏറ്റവും വലിയ സ്വത്ത് പ്രായോഗിക വിദ്യാഭ്യാസം ആണ്.കാലത്തിനൊത്ത് മാറാന്‍ കഴിയണം.തുറന്ന മനസ്സോടെ അറിവ് നേടണം.അങ്ങനെ ചെയ്യുന്നവര്‍ക്ക് മാത്രമേ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയൂ.സാമ്പത്തിക വിജ്ഞാനം ഇല്ലാത്തവന്റെ കയ്യില്‍ പണം അധിക നാള്‍ നില്‍ക്കില്ല."
"മനസ്സിനെ പരിശീലിപ്പിക്കുകയാണ് ആദ്യ പടി.പഴഞ്ചന്‍ ആശയങ്ങളുമായി കഠിനമായി ജോലി ചെയ്യുന്ന നിരവധിപേരെ ഞാന്‍ കണ്ടിട്ടുണ്ട്.മാറ്റത്തെ ചെറുക്കുന്നതാണ് അവരുടെ പ്രശ്നം.ടെക്നോളജിയെ പഴി പറയുന്നത് മണ്ടന്മാരാണ്.ഇന്നലെയുടെ അറിവ് ഇന്ന് ഉപയോഗിക്കാന്‍ കഴിയണം എന്നില്ല.കാരണം,ഇന്നലെ പോയിക്കഴിഞ്ഞു."
കൊടുക്കുന്നവര്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ.ചിരിയോ,പണമോ,സൗഹൃദമോ എന്ത് തന്നെ ആയാലും.
"നിങ്ങളുടെ സ്വപ്നമാണ് നിങ്ങളുടെ വിജയം കൊണ്ട് വരുന്നത്.നിരാശയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനം ആണ്.പ്രതിമാസ ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാണ് മിക്കവരും ജോലി ചെയ്യുന്നത്.ഭയമാണ് അവരെ നയിക്കുന്നത്.സ്വന്തം ബോസ്സിനെ പഴി പറഞ്ഞുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്ക് പുതിയൊരു ബിസിനസ്സ് തുടങ്ങാന്‍ ഭയമാണ്.ഒരു തൊഴിലിനു വേണ്ടി മാത്രം പഠിക്കുന്നതിന്റെ കുഴപ്പം ആണ് ഇത്.ഭയത്തെ അതിജീവിക്കാതെ,സമ്പത്ത് സൃഷ്ടിക്കാന്‍ ആവില്ല."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ