ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.

" ട്രേഡിങ്ങിൻറെ തിരക്കിലാണോ, മുരളിയേട്ടാ?"
" നീ ഇരിക്ക്...ഊണ് കഴിച്ചോ?"
" കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..."
" അതെന്തു പറ്റി ?"
" ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.."
" എതൊക്കെ കിടപ്പുണ്ട്?"
" സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ് അങ്ങനെ കുറെയെണ്ണം ഉണ്ട്..."
അരുൺ നിരാശയോടെ പറഞ്ഞു.
" വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക് നോക്കി:
" ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസെക്സ് നൂറ്റി മുപ്പത്തിനാല് പോയിന്റ് കയറി..."
കമ്പ്യുട്ടർ നിറുത്തിയിട്ട്,അയാൾ എണീറ്റു.
" വാടാ മോനെ...കുറച്ചു കാര്യങ്ങള് പറഞ്ഞു തരാം .."
അയാൾ അവനെയും കൂട്ടി വീട്ടില് നിന്നിറങ്ങി,തൊടിയിലേക്ക് നടന്നു:
" ഏതു ഷെയറു് വാങ്ങുമ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്..സാമാന്യ ബോധം!"
"മുരളിയേട്ടൻ എന്നെ കളിയാക്കുകയാണ്,അല്ലെ?" അരുൺ പരിഭവിച്ചു.
" അല്ല അരുണേ..ഞാൻ കാര്യമായിട്ട് പറഞ്ഞതാ..സാമാന്യ ബോധം എന്നാൽ കോമൺസെൻസ് അപ്പ്രോച്ച്..അമേരിക്കയിലെ ഫിഡലിറ്റി മഗല്ലൻ ഫണ്ട് മാനേജു ചെയ്തിരുന്ന പീറ്റർ ലിഞ്ചിന്റെ തന്ത്രം ആണ്. പതിമൂന്ന് വര്ഷ കാലയളവിൽ 29 ശതമാനം ശരാശരി വാര്ഷിക ലാഭം നല്കിയിട്ട് ,1990 - ൽവിരമിച്ച ലിഞ്ചിന്റെ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല."
"എന്താണ് ആ തന്ത്രം?"
അരുണിന്റെ കണ്ണുകൾ വിടർന്നു.
" ലളിതമായിട്ട് പറഞ്ഞാൽ, അറിയാവുന്ന ഓഹരികളിൽ മാത്രം കൈ വെക്കുക.മികച്ച കമ്പനികൾക്ക് ഏതു കോണിലും കച്ചവടത്തിന്റെ വേര് ഉണ്ടാകുമെന്നാണ് ലിഞ്ച് പറയുന്നത്.ഉദാഹരണത്തിനു, ഒരു ടയർ കമ്പനി യുടെ ഓഹരി വാങ്ങണമെങ്കിൽ ടയറു് കടയിൽ കേറി,ഏറ്റവും കൂടുതൽ ഈട് നില്ക്കുന്നതും വിറ്റു പോകുന്നതുമായ ടയർ ആരുടെയാണെന്ന് തിരക്കുക.അങ്ങനെ ഉള്ള കമ്പനികളുടെ ഓഹരികൾ പഠന വിധേയമാക്കുക.മോശം അഭിപ്രായം ഉള്ള പ്രോഡക്ടുകൾ ഉള്ള കമ്പനികൾ ഒഴിവാക്കുക.മെഡിക്കൽ സ്റ്റോറിൽ പോകുമ്പോൾ,മരുന്ന് വാങ്ങുന്നതോടൊപ്പം ഒരു ചെറിയ മാർക്കറ്റ് സർവേ കൂടി നടത്തുക.ഏറ്റവും കൂടുതൽ വിറ്റു പോകുന്ന മരുന്നുകൾ ഇറക്കുന്ന കമ്പനികൾ ഏതാണെന്ന് ചോദിച്ചറിയുക .വിപണി വിഹിതം കൂടുന്ന കമ്പനികളുടെ വിപണി വിലയും കൂടും .."
" ഇതൊക്കെ ഗൂഗിളിൽ നോക്കിയാ കിട്ടുമോ?"
" ഹഹ..ഗൂഗിൾ മാപ് നോക്കി ചെറിയ വഴിയിലൂടെ വലിയ വണ്ടി കയറ്റാൻ നോക്കുന്ന പോലെ ആവാതിരുന്നാ മതി.നേരിട്ട് അറിയേണ്ടത് നേരിട്ട് അറിഞ്ഞേ പറ്റൂ.ഇങ്ങനെ യഥാർത്ഥ വിപണിയിൽ സ്ഥാനം പിടിക്കുന്ന കമ്പനികൾ,ഓഹരിവിപണി യിലും രക്ഷപെടും.റോയൽ എൻഫീൽഡുബൈക്ക് ബ്രാൻഡിങ്ങിനു ശേഷം വൻ തിരിച്ചു വരവു നടത്തിയത്കൊണ്ടാണ് ഐഷർ മോട്ടോർസ് ഓഹരിവില കുതിച്ചു കയറിയത്.നമ്മൾ ചുറ്റുപാടും കണ്ണ് തുറന്നു നോക്കിയാൽ തന്നെ ഒട്ടനവധി അവസരങ്ങൾ കണ്ടെത്താൻ കഴിയും.പക്ഷെ,അതിനു കുറെ ശ്രമങ്ങൾ ആവശ്യമാണ്."
" ഞാൻ ഇതുവരെ വില കുറവ് നോക്കി മാത്രമാണ് ഓഹരികൾ വാങ്ങിയത്.നേരിട്ട് അറിയാൻ പാടില്ലാത്ത കമ്പനികളായിരുന്നു.."
അരുൺ നെടുവീര്പ്പിട്ടു.
" സാരമില്ല..ഇനി കുറച്ചുകൂടി ഗൗരവമായി ഒന്ന് നോക്കൂ.വിശകലന ബുദ്ധിയും ഉൾകാഴ്ചയും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.അതിനു സമൂഹവുമായും ബിസിനസ്സുമായുമൊക്കെ അടുപ്പം വേണം.ധാരാളം വായിക്കണം പഠിക്കണം.ബാലന്സ് ഷീറ്റും കണക്കുകളും ആനുവൽ റിപ്പോര്ട്ടുമൊക്കെ നോക്കുന്നതിനു മുൻപ്,ഇങ്ങനെയൊരു തിരഞ്ഞെടുക്കൽ കൂടി നടത്തുന്നത് നല്ലതാണ്.വളക്കൂറുണ്ടോന്നു നോക്കി മാത്രമെ കൃഷി ചെയ്യാവൂ എന്ന് കേട്ടിട്ടില്ലേ?"
" അത് എനിക്ക് ഇഷ്ടപ്പെട്ടു."അരുണിന്റെ കണ്ണുകൾ തിളങ്ങി.
" എന്നാൽ വാ..ഒരു ചായ കുടിച്ചിട്ട് പോകാം"
മുരളീധരൻ ചെറു ചിരിയോടെ അവനെയും കൂട്ടി വീട്ടിലേക്കു നടന്നു.
വളരെ നല്ല കഥ... ഒത്തിരി അരുണ്മാര്ക്ക് ഇത് പ്രചോദനമാകട്ടെ.. :)
മറുപടിഇല്ലാതാക്കൂThanks Sharath bhai.
മറുപടിഇല്ലാതാക്കൂnanayyitundu....avatharpicha reethi valare istayi
മറുപടിഇല്ലാതാക്കൂ