കഴിഞ്ഞ ഒരു വർഷത്തെ ലാഭം മാത്രം നോക്കി മാത്രം മുച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും രണ്ടു വർഷത്തിനുള്ളിൽ തന്നെ വിറ്റു മാറുകയും ചെയ്യുന്ന പ്രവണത ഇന്ത്യയിൽ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു.നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള പ്രവണതയും,നിക്ഷേപ കാലയളവും കൂടാതെ വേറെയും ചില കാര്യങ്ങൾ കൂടി ഓരോ നിക്ഷേപത്തിനും മുൻപ് പരിശോധിക്കെണ്ടതുണ്ട്.ഫണ്ടിന്റെ കീ ഇൻഫർമേഷൻ മെമ്മോറാൻഡം നല്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1.നിക്ഷേപ ഉദ്ദേശ്യം (Investment objective)
ഫണ്ടിന്റെ പ്രധാന ലക്‌ഷ്യം വളർച്ചാ നിരക്കാണോ, സ്ഥിര വരുമാനം ആണോ എന്ന് അറിയാൻ സാധിക്കും.മികച്ച നേട്ടത്തിന് വേണ്ടി,റിസ്ക് കൂടുതൽ എടുക്കുന്നവര്ക്ക് വളർച്ചയിൽ ഊന്നിയ ഫണ്ടുകളാണ് നല്ലത്.
2.ആസ്തി വിന്യാസം (Asset allocation)
എത്ര ശതമാനം ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നുവെന്ന് ഇവിടെ അറിയാനാവും.ഉദാഹരണത്തിന്,ഓഹരിയധിഷ്ടിത ഫണ്ടുകളിൽ 80% മുതൽ 100% വരെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ,ബാലൻസ്ഡു ഫണ്ടുകളിൽ ഇത് 65 ശതമാനം മുതൽ 75 ശതമാനം വരെ നില്ക്കുന്നതായി കാണാം.ഡെബ്റ്റ് ഫണ്ടുകളിൽ, 95 ശതമാനം വരെ ബോണ്ടുകളിലും ബാക്കി മണി മാർക്കെറ്റിലും നിക്ഷേപിക്കുന്നതായി കാണാം.
3. ഫണ്ട് മാനേജർ .
ഓരോ ഫണ്ടും മാനേജ് ചെയ്യുന്ന ടീം ആരൊക്കെയാണെന്ന് നോക്കുന്നത് നല്ലതാണ്.മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള മാനേജർ ആണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
4.ഫണ്ടിന്റെ വലിപ്പം.
തീരെ കുറഞ്ഞ ആസ്തി മാനേജ് ചെയ്യുന്ന ഫണ്ടുകളും അമിതമായി ആസ്തി മാനേജ് ചെയ്യേണ്ടി വരുന്ന ഫണ്ടുകളും ഉണ്ട്.ആസ്തി വളരെയേറെ കൂടിയത് ചില ഫണ്ടുകളെ ദോഷമായി ബാധിച്ചിട്ടുണ്ട്.മറ്റു ഘടകങ്ങളും മോശമാണെങ്കിൽ,ഇതൊക്കെ ചിലപ്പോൾ പ്രതികൂലമായി ബാധിക്കുന്നതായി കാണാം.
5.അളവുകോൽ (Benchmark)
ഓരോ ഫണ്ടിനും ഒരു ബെഞ്ചുമാർക്ക് സൂചിക ഉണ്ടാവും.ചില ഫണ്ടുകൾക്ക് ഇത് ബിഎസ്ഇ 100 ആണെങ്കിൽ ,മറ്റു ചിലതിന് മിട്കാപ്സൂചികയോ , ക്രിസിൽ ബോണ്ട് സൂചികയോ ആവാം.ഫണ്ടിന്റെ സ്വഭാവം മനസ്സിലാകാനും,താരതമ്യം ചെയ്യാനും ഇത് സഹായിക്കും.ഇതോടൊപ്പം തന്നെ മുഖ്യ വിപണി സൂചികകളായ സെൻസെക്സ് അഥവാ നിഫ്ടിയുമായും താരതമ്യം നടത്താവുന്നതാണ്.
6.വിഭാഗം(Category).
സമാനമായ മറ്റു ഫണ്ടുകളു മായിട്ടാണ് ഓരോ ഫണ്ടും താരതമ്യം ചെയ്യേണ്ടത്.അതായത് ,ഒരു ലാർജ് കാപ് ഫണ്ടും സ്മാൾ കാപ് ഫണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് ആനയും ആടും താരതമ്യം ചെയ്യുന്നതു പോലെയിരിക്കും.രണ്ടു ഫണ്ടുകളുടെയും റിസ്ക് ലെവൽ തീര്ത്തും വ്യത്യസ്തമായിരിക്കും.സമാന വിഭാഗത്തേക്കാൾ മെച്ചപ്പെട്ട ആദായം സ്ഥിരമായി നല്കി വരുന്ന ഫണ്ടുകളാണ് നന്ന്.
7.സെക്ടർ വിഭജനം.
ഏതൊക്കെ സെക്ടറുകളിൽ,എത്ര ശതമാനം വീതം നിക്ഷേപിച്ചിരിക്കുന്നു എന്നത് പ്രധാനമാണ്.മുന്നേറുന്ന സെക്ടറുകളിൽ,കൂടുതൽ പണം വകയിരുത്തിയാൽ മാത്രമേ ഫണ്ട് മികച്ച നേട്ടം തരികയുള്ളൂ.തുടരെ മോശമായി നില കൊള്ളുന്ന സെക്ടറുകളിൽ കൂടുതൽ പണം വകയിരുത്തുന്നത് ഫണ്ടിനെ ദോഷമായി ബാധിക്കും.
8.പോർട്ട്ഫോളിയോ.
നിക്ഷേപിക്കുന്ന ഓഹരികൾ മുന്നേറിയാൽ മാത്രമേ ലാഭം കിട്ടുകയുള്ളൂ.കുതിപ്പ് നഷ്ടമായ ഓഹരികൾ അടങ്ങിയ പോർട്ട്ഫോളിയോ ആണെങ്കിൽ,ഫണ്ടിന്റെ പ്രകടനം മോശമാകും. പ്രധാന ഓഹരികളുടെ വളര്ച്ചാ സാധ്യതകളും ഗതിയുമൊക്കെ മനസ്സിലാക്കേണ്ടതുണ്ട്.
9.ഫണ്ടിന്റെ കണക്കുകൾ.
ഫണ്ടിന്റെ ചാഞ്ചാട്ടം അളക്കാൻ ഉപയോഗിക്കുന്ന കണക്കുകളിൽ മുഖ്യം ആൽഫാ, ബീറ്റാ,സ്റ്റാൻഡേർഡ് ഡീവിയേഷൻ എന്നിവ ആണ്.ഫണ്ട് ബെഞ്ചുമാർക്കിനെ അപേക്ഷിച് കൂടുതൽ നേട്ടം നൽകുമ്പോൾ, ആല്ഫാ കൂടുതൽ ആയിരിക്കും.ആൽഫാ ഉയര്ന്നു നില്ക്കുന്ന ഫണ്ടുകൾ ആണ് നന്ന്.കൂടിയ ബീറ്റാ ഉള്ള ഫണ്ടുകളിൽ ചാഞ്ചാട്ടം കൂടുതലായിരിക്കും.എന്നാൽ,വിപണി മുന്നേറുമ്പോൾ ഇവ കൂടുതൽ നേട്ടം നല്കുന്നതായി കാണാം.അമിതമായ വില വ്യതിയാനം ആഗ്രഹിക്ക്കാത്തവർക്ക്,കുറഞ്ഞ ബീറ്റാ ഉള്ള ഫണ്ടുകളാണ് നന്ന്.കുറഞ്ഞ സ്റ്റാൻഡേർഡ് ഡീവിയേഷൻ ഉള്ള ഫണ്ടുകളാണ് സ്ഥിരതയ്ക്കു മുന് തൂക്കം നൽകുന്നവർക്ക് ഉചിതം.പോർട്ട്‌ഫോളിയോ വിറ്റുവരവ് കൂടുന്ന സ്കീമുകളുടെ തന്ത്രം പലപ്പോഴും മോമെന്റം നിക്ഷേപരീതിയാണ്.പോർട്ട്‌ഫോളിയോ ടെനോവേർ കുറയുന്നത് സൂചിപ്പിക്കുന്നത് ദീർഘകാല നിക്ഷേപ തന്ത്രം ആണ്.
10.റേറ്റിംഗ്.
മേല്പറഞ്ഞ ഘടകങ്ങളോട് ചേർത്ത് നോക്കാവുന്ന ഒന്നാണ് റേറ്റിംഗ് എജൻസികൾ നല്കുന്ന മാർക്ക്.ക്രിസിൽ,മോർണിംഗ് സ്റ്റാർ,വാല്യൂ റിസര്ച് എന്നിവ ഈ മേഖലയിൽ പ്രശസ്തമാണ്.എന്നാൽ, മാസത്തിലൊരിക്കൽ പോലും ഇത് മാറിവരാറുണ്ട് എന്നതാണ് ഒരു ന്യൂനത .റേറ്റിംഗ് കുറവുള്ള ഫണ്ടുകൾ മികച്ച ആദായം നല്കുന്നതും കണ്ടുവരാറുണ്ട്.
സമഗ്രമായ ഒരു വിശകലനം വഴി ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത് നിക്ഷേപത്തിന്റെ സുസ്ഥിരതയ്ക്ക് അനിവാര്യമാണ്.
Image courtesy: Financial express.
Disclaimer: Investments are subject to market risk.Consult your financial advisor before investing.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ