ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജി.എസ്.ടി: ബിസിനസ് കുതിച്ചുചാട്ടത്തിന് ഇന്ത്യയുടെ ബ്രഹ്‌മാസ്‌ത്രം

     

   

          കഴിഞ്ഞ ഒന്നര ദശകമായി  ലോകത്തെ ഏറ്റവും വളർച്ച നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ,ഘടനാപരമായ പരിഷ്കാരങ്ങളിലും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും നാം താരതമ്യേന പിന്നിലാണ്. ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ പലപ്പോഴും കാര്യമായ ചലനമുണ്ടാക്കാതെ പോയതും അതുകൊണ്ടാണ്.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് ഏതാനും വർഷങ്ങൾക്കുമുൻപ് 'ഗുഡ്സ് ആൻഡ് സർവീസസ്സ് ടാക്സ്' എന്ന ആശയം മുന്നോട്ടു വെയ്ക്കപ്പെട്ടത്.

             ജി.എസ്.ടി  ആദ്യമായി നടപ്പിൽ വരുത്തിയത് 1954 ൽ ഫ്രാൻസിലാണ്. 140 ൽ പരം രാജ്യങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴും, ഇന്ത്യയിലെ പരോക്ഷ നികുതികൾ പല രൂപത്തിലാക്കി ചിതറി കിടക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന നികുതികളിൽ കസ്റ്റംസ് ഡ്യൂട്ടി,എക്സൈസ് ഡ്യൂട്ടി,സെൻട്രൽ സെയിൽസ് ടാക്സ് എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾ  ചുമത്തുന്നവയിൽ വാറ്റ്, ലെക്‌ഷറി ടാക്സ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, എന്റർടൈമെന്റ് ടാക്സ്, എൻട്രി ടാക്സ് എന്നിവയാണ് ഉള്ളത്. ഇങ്ങനെ സങ്കിർണമായ നികുതി ഘടന നിലനിൽക്കുന്നത്  ബിസിനസ്സ്  പുരോഗതിക്കു  അനുരൂപമല്ല. അതുകൊണ്ടു ജി.എസ്‌.ടി നടപ്പിലാക്കുമ്പോൾ നികുതി  ഘടനയിലും ബിസിനസ്സ് നടത്തിപ്പിലും സമഗ്ര  പരിവർത്തനമാണ് സംഭവിക്കാൻ പോകുന്നത്. തൊണ്ണൂറുകളിലെ നവ ലിബറൽ സാമ്പത്തിക നയത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വഴിത്തിരിവായി  ജി.എസ്‌.ടി  മാറും. ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ചു  ഈ വര്ഷം സെപ്റ്റംബറിനു മുൻപ്, ജി. എസ്.ടി നടപ്പിൽ വരും. ജൂലൈ 2017 ൽ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ജി.എസ്.ടി നടപ്പാകുന്നതിനെ  ബിസിനെസ്സ് ലോകവും, ഓഹരി വിപണിയും വൻ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. പരോക്ഷ  നികുതി ചിലവുകൾ കുറയുന്നതും, ഏകീകരിക്കപെടുന്നതും അടുത്ത സാമ്പത്തിക വർഷം മുതല്‍ ഗണ്യമായ മാറ്റം ഉണ്ടാക്കുമെന്ന് കരുതുന്നു.
രാജ്യം മുഴുവൻ ഒരു ഏകീകൃത വിപണിയായി മാറും . എന്‍ട്രി ടാക്സ് ഒഴിവാകുന്നതോടെ ചെക്ക് പോസ്റ്റുകളിലെ സമയനഷ്ടം ഇല്ലാതാകുകയും  ചരക്കു ഗതാഗതം സുഗമമാകുകയും ചെയ്യും . ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ രണ്ടുലക്ഷത്തി നാല്പത്തിയോരായിരം കോടി രൂപ  ഗതാഗത സൗകര്യം (റെയിവേ,റോഡ്‌,ഷിപ്പിംഗ് ) വർധിപ്പിക്കാൻ വേണ്ടി വകയിരുത്തിയിരിക്കുന്നത് ഇതിനോട് ചേർത്ത് വായിക്കണം. ജി എസ് ടി നടപ്പിലാകുന്നതോടെ കൺസ്യൂമർ ഗുഡ്സ് , ഓട്ടോമൊബൈൽസ്, എന്‍റര്‍ടെയിന്‍മെന്‍റ് എന്നിവയിൽ അഞ്ചു മുതല്‍ പത്തു ശതമാനം വരെ  ചെലവ് കുറയുമെന്ന് വിലയിരുത്തപ്പെടുന്നു.കാപിടല്‍ ഗുഡ്സ്,ലോജിസ്ടിക്സ് എന്നിവയില്‍ പതിനഞ്ചു മുതല്‍ ഇരുപതു ശതമാനം വരെ ചെലവു കുറയുമെന്ന് കരുതുന്നു.സംഘടിത മേഖലയിൽ തന്നെയുള്ള പ്ലാസ്റ്റിക്സ്,പാക്കേജിങ്,ഹെൽത്ത്കെയർ,ഫിനാൻസ്,ഇലക്ട്രിക്കൽസ്,ഹോം അപ്ലയൻസ്, സിറാമിക്സ്,പെയിന്റ്സ്,അപ്പാരൽസ്‌, ജ്യുവല്ലേഴ്‌സ്, എക്സ്പോര്ട്സ്  എന്നീ സെക്ടറുകളില്‍ ജി.എസ്.ടിയെ തുടര്‍ന്ന് വൻ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നു. ഉത്പന്നങ്ങളില്‍ ഉണ്ടാകുന്ന വിലക്കുറവ്  ഉപഭോക്താവിലേക്കു കൈമാറ്റപെടുകയും ചെയ്യും.

          പൊതുവെ ഉപഭോഗത്തോട്‌ കുറഞ്ഞ താല്പര്യം കാണിക്കുന്ന ഗ്രാമീണ മേഖലകളില്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ പ്രചരിക്കാന്‍  ജി.എസ്.ടി  ഇടയാക്കും.പല പരോക്ഷ നികുതികളും ഒഴിവാക്കുന്നത്  മാനുഫാക്ചറിംഗ് മേഖലയ്ക്ക് ഗുണമാകും. റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ  റിപ്പോർട്ടിൽ ഉത്പന്ന നിർമാതാക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക് ചിലവുകൾ പതിനഞ്ചു മുതൽ ഇരുപതു ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര വിപണി കൂടുതൽ കരുത്താർജിക്കാൻ ഇത് സഹായിക്കും. ജി.എസ്.ടി വ്യാപകമാകുന്നതോടെ സാമ്പത്തിക വളർച്ചയിൽ വരും വര്‍ഷങ്ങളില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ  അധിക നേട്ടം ഉണ്ടാകുമെന്നു കരുതുന്നു.

         നിലവിൽ ഉത്പന്നങ്ങൾക്ക് സേവനങ്ങളെക്കാൾ കൂടുതൽ നികുതി നൽകേണ്ടി വരുന്നുണ്ട്. ഈ അന്തരം കുറയ്ക്കാൻ ജി.എസ്.ടി സഹായിക്കും. പലതരം നികുതികളുടെ  രെജിസ്ട്രേഷനുവേണ്ടിവരുന്ന ചിലവുകളും  സമയ നഷ്ടവും ഒഴിവാകും. പാൻ ഉപയോഗിച്ചുള്ള ഏകികൃതമായ ഇ- റെജിസ്ട്രേഷൻ ആയിരിക്കും നടപ്പിൽ വരുന്നത്.
ടാക്സിനുമേൽ ടാക്സ് എന്നത്  ഇല്ലാതെയാകുമ്പോള്‍  ബിസിനസ്സ് പ്രവർത്തനങ്ങൾ മെച്ചപ്പെടും. ടാക്സ് ബേസ്(ടാക്സ് അടയ്ക്കുന്നവരുടെ എണ്ണം) കൂടുന്നത്  വഴി ഗവൺമെന്റിന്റെ വരുമാനവും കൂടും. ഇത് ക്രമേണ  ഇൻഫ്രാസ്ട്രക്ച്ചര്‍ മേഖലയ്ക്കുള വര്‍ധിച്ച വകയിരുത്തലിനും, കൂടുതല്‍ സാമൂഹ്യ ക്ഷേമ നടപടികള്‍ക്കും   വഴിവെയ്ക്കും.കഴിഞ്ഞ വര്‍ഷത്തെക്കാള്‍,79% അധിക  വിഹിതമാണ്  ഈ വര്‍ഷത്തെ ബജറ്റില്‍ ഇന്‍ഫ്രാ വികസനത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് ഓര്‍മിക്കുക.
മാനുഫാക്ച്ചറിംഗ് ചെലവ് കുറയുന്നതു വിദേശ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ വില കുറയുവാനും മത്സരക്ഷമത കൂടുവാനും സഹായിക്കും.ഇത് നേരിട്ടുള്ള വിദേശ മൂലധനം കൂടുന്നതിനും, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആകര്ഷകമാകാനും ഇട വരുത്തും.

          മറ്റൊരു പ്രധാന കാര്യം,ജി എസ് ടി കൗൺസിലിനു കൂടുതൽ  അധികാരങ്ങൾ നൽകിയിരിക്കുന്നതാണ്. വിവിധ സംസ്ഥാന നികുതിനിരക്കുകളിൽ പല രീതിയില്‍ നിരന്തരമെന്നോണം  മാറ്റം വരുന്നതിനു ഇത് തടയിടും. ധാന്യങ്ങൾ അടക്കമുള്ള അത്യാവശ്യ സാധനങ്ങൾക് ഈ ടാക്സ് ബാധകമല്ല. പെട്രോളിയം, ആൽക്കഹോൾ , ഇലക്ട്രിസിറ്റി ബില്ല് എന്നിവ ഇതിന്റെ വരുതിയിൽ  വരില്ല. പൊതുവെ ഉപയോഗിക്കപ്പെടുന്നവയ്ക്ക് ആറു ശതമാനം എന്ന  കുറഞ്ഞ നികുതി നിരക്കാണ് നടപ്പിൽ വരുന്നത്. 12 %, 18 % എന്നിങ്ങനെയാണ് അടുത്ത ഘടന .എന്നാൽ ലക്ഷ്വറി ഉത്പന്നങ്ങൾക് 28% വരെ ടാക്സ് ഉണ്ടാകാം.
ഇന്ത്യയിലെ സംഘടിത  മേഖലയും കോർപറേറ്റ് മേഖലയും കൂടുതൽ ശക്തിപ്പെടാൻ  ജി.എസ്ടി. വഴിവെയ്ക്കും. സുതാര്യവും ലളിതവുമായ  നികുതി വ്യവസ്ഥ   സാമ്പത്തിക പുരോഗതിയ്ക്കും ഓഹരി വിപണിയ്ക്കും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുകയും ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു