ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നോവല്‍. ലാഭം തിരയുന്നവര്‍. അധ്യായം ഒന്ന്

 

      രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന  ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന്‍ അവിടെ  ഡീലറാണ്.
   അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല.
" ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.."
അവന്‍ നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു.
"കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.."
അപ്പച്ചന്‍ എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന്‍ അവന്റെ തോളില്‍ തട്ടി.
എന്നും പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ  വ്യാപാരക്കാരനാണ്.
" എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ  അപ്പച്ചാ?"
"എനിക്ക് കയ്യും വീശി വരണം.കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.."
മത്തായിചേട്ടന്‍ ചിരിച്ചു.
അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി.
ചുറ്റും പതിവുകാര്‍ എല്ലാവരും ഉണ്ടെന്നു അവന്‍ കണ്ടു.
ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്യുന്ന അഹമ്മദ് ഇക്ക തന്റെ ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിയ്ക്കുന്നു.ബ്രോഡ്‌ വേയിലും,കളമശ്ശേരിയിലും ഹാര്‍ഡ് വെയര്‍ ഷോപ്പുണ്ട് ഇക്കയ്ക്ക്.അത് മക്കളെ എല്പ്പിച്ചിട്ടാണ് ഇവിടേക്ക് വരുന്നത്.മൂന്നര മണി കഴിഞ്ഞാല്‍ കടയിലേക്ക് പോകും.എട്ടു മണി വരെ അവിടെ കാണും.
പ്ലാന്റര്‍ ആയ ലൂക്കോസ് പ്ലാത്തോട്ടം വെള്ള ജൂബയണിഞ്ഞു പിന്നിലെ സ്ഥിരം സീറ്റില്‍ ഉണ്ട്.മുളന്തുരുത്തിയിലും കടുത്തുരുത്തിയിലും അയാള്‍ക്ക് റബ്ബര്‍ തോട്ടങ്ങളുണ്ട്.വിപണി കയറാന്‍ തുടങ്ങിയതിനു ശേഷം,തോട്ടം നടത്തിപ്പോക്കെ അനുജനെ ഏല്‍പ്പിച്ചിട്ട് മുടങ്ങാതെ വരും.
എം.ജി.റോഡില്‍ തുണിക്കട നടത്തുന്ന നൗഷാദ് ഇക്കയും,ട്രേഡ് യൂണിയന്‍ നേതാവ് പറവൂര്‍ പുരുഷോത്തമനും,പത്രപ്രവര്‍ത്തകനായ മോഹനന്‍ വരാപ്പുഴയും  ഹാളിലിരിപ്പുണ്ട്.പിന്നെ,കുറച്ചു പതിവുകാരും നിരവധി പുതുമുഖങ്ങളും.എല്ലാവരെയും അരുണിന് ശരിക്ക് പരിചയമില്ല.അടുത്തിടെയായി ഒത്തിരിപ്പേര്‍ പുതുതായി ഡീമാറ്റ് അക്കൌണ്ട് തുടങ്ങുന്നുണ്ട്.
"അരുണേട്ടന്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?"
സഹപ്രവര്‍ത്തകയായ ഡീലര്‍ രമ്യ ചോദിച്ചു.
"ഉവ്വ്.ഇഡ്ഡലി.."
അരുണ്‍ പറഞ്ഞു തീര്‍ന്നതും,ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
അരുണ്‍ ചുറ്റും നോക്കി.ഹാളില്‍ ഒരു നൂറു പേരെങ്കിലും ഉണ്ട്.തീര്‍ച്ച.
"കനത്തില്‍ കഴിക്കണ്ടേ അരുണ്‍?ഊണ് കഴിക്കാന്‍  അന്നെ ഇവരാരും വിടൂല്ല..."
അഹമ്മദ് ഇക്കയാണ്‌.
ശരിയാണ്.നേരെ ചൊവ്വേ ഊണ് കഴിക്കുന്നത്‌ അവധി ദിവസങ്ങളില്‍ മാത്രമാണ്.ട്രേഡിംഗ് സമയത്ത്,മൂന്നര മണി വരെ മറ്റൊന്നും നടക്കില്ല.ലാന്‍ഡ് ഫോണില്‍ ഇട തടവില്ലാതെ കാളുകള്‍ വന്നുകൊണ്ടിരിക്കും.ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമാണ്.
ചുറ്റും  ഉള്ള പതിവുകാര്‍ക്കു വേണ്ടിയും ഇടപാടുകള്‍ നടത്തണം.ഓര്‍ഡറുകള്‍ പഞ്ച് ചെയ്തു വിരലുകള്‍ തഴമ്പിച്ചു.
എങ്കിലും,ഇഷ്ടമാണ്;ഈ ജോലി.
വിപണിയുടെ ചാഞ്ചാട്ടങ്ങളെ വെല്ലുന്ന,വിരല്‍ വേഗമാണ് അവന്.നീലയും ചുവപ്പും നിറങ്ങളില്‍ ടെര്‍മിനലിലെ വിലകള്‍ മാറി മറിയും മുന്‍പ് അതിദ്രുതം ഓര്‍ഡറുകള്‍ കയറണം.തന്‍റെ വീഴ്ച കൊണ്ട് ആര്‍ക്കും നഷ്ടം വന്നുകൂടാ.
ട്രേഡിംഗ് തുടങ്ങി.
ഇടപാടുകാരുടെ നിര്‍ദ്ദേശങ്ങള്‍.
"ബൈ"
"സെല്‍"
" മുന്നൂറു ആര്‍.പി.എല്‍"
" അഞ്ഞൂറ് ആര്‍.എന്‍.ആര്‍.എല്‍.."
"അഞ്ഞൂറ് ജെ.പി അസോസിയെട്സ്"
"ആയിരം സുസ്ലോണ്‍"
ശബ്ദ കോലാഹലങ്ങള്‍.
കഴിഞ്ഞ നാലര വര്‍ഷമായിട്ട്,രണ്ടായിരത്തിമൂന്നു പകുതി മുതല്‍ വിപണി തുടര്‍ച്ചയായി കയറിക്കൊണ്ടിരിക്കുകയാണ്.നല്ല കമ്പനികളുടെ ഓഹരികളില്‍ വെറുതെ നിന്നുകൊടുത്താല്‍ മതി.
അരുണ്‍  ഇടപാടുകാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഓര്‍ഡറുകള്‍ പഞ്ചു ചെയ്തുകൊണ്ടിരുന്നു.
" ട്വന്റ്റി വണ്‍ തൌസന്റ്.."
പെട്ടെന്ന്,ഒരു ആരവം കേട്ടു.
അരുണ്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ഉറ്റു നോക്കി.
ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്‍റെ സൂചികയായ  സെന്‍സെക്സ്‌ ആദ്യമായി ഇരുപത്തിയോരായിരം കടന്നു.
"വൌവ്.."
ലൂക്കോസ് പ്ലാത്തോട്ടം തുള്ളിച്ചാടി.
"പൊന്നു മോനെ.."
മത്തായിചേട്ടന്‍ അരുണിനെ കെട്ടിപ്പിടിച്ചു
"ഹിസ്ടോറിക്ക് ഡേ..വണ്ടര്‍ഫുള്‍ അച്ചീവ്മെന്റ്"
ബ്രാഞ്ച് മാനേജര്‍ ആൻ്റണി മാത്യു  കാബിനില്‍ നിന്ന് ട്രേഡിംഗ് ഹാളിലേക്ക് കടന്നു വന്നു.
അരുണ്‍ കലണ്ടറിലേക്ക് നോക്കി.
രണ്ടായിരത്തി എട്ടാമാണ്ട് ജനുവരി മാസം എട്ടാം തീയതിയാണ്.
ആൻ്റണി മാത്യു എല്ലാവര്ക്കും ലഡ്ഡു വിതരണം ചെയ്തു.
അന്ന് അവിടെ എല്ലാവര്ക്കും ലാഭം ആയിരുന്നു.
ദിവസ വ്യാപാരം ചെയ്തു അന്ന് ഏറ്റവും  കൂടുതല്‍ ലാഭമുണ്ടാക്കിയത് അഹമ്മദ് ആണ്.
" നാളെ എല്ലാര്‍ക്കും ബിരിയാണി എന്റെ വക.."
അഹമ്മദ് ഇക്ക പ്രഖ്യാപിച്ചു.
പറഞ്ഞതു പോലെ തന്നെ പിറ്റേന്ന് എല്ലാവര്‍ക്കും ബിരിയാണി കിട്ടി.
നല്ല ഒന്നാന്തരം ദം ബിരിയാണി.
അന്നും അഹമ്മദ് തലേന്നത്തെ പോലെ ലാഭം ഉണ്ടാക്കി.
" എത്ര നല്ല തുടക്കം.രണ്ടായിരത്തി എട്ടു മുഴുവന്‍ നമ്മള്‍ തകര്‍ക്കും.."
ഡീലര്‍ രമ്യ പറഞ്ഞു.
" ഈ വര്ഷം ഇരുപത്തയ്യായിരം കടക്കും.."
മോഹനന്‍ വരാപ്പുഴ പ്രവചിച്ചു.
"അല്ല,ആ കണക്കുകൂട്ടല്‍ ശരിയല്ല മോഹനാ...കുറച്ചുകൂടി വസ്തു നിഷ്ടമായി വിലയിരുത്തണം  ."
പറവൂര്‍ പുരുഷോത്തമന്‍ തര്‍ക്കിച്ചു.
"എന്നാ, സഖാവ് പറയൂ.."
" രണ്ടായിരത്തി എട്ടു ഡിസംബര്‍ അവസാനിക്കും മുന്‍പ് സെന്‍സെക്സ്‌ മുപ്പതിനായിരം കടക്കും.."
പറവൂര്‍ പുരുഷോത്തമന്‍ പറഞ്ഞു.എന്നിട്ട്,ചുറ്റും നോക്കി.ശരിയല്ലെയെന്ന മട്ടില്‍.
"നേരാ..കടക്കും.പുഷ്പം പോലെ കടക്കും."
ലൂക്കോസ് പ്ലാത്തോട്ടം പിന്താങ്ങി.
അരുണിന് സന്തോഷം തോന്നി.
സുവര്‍ണ വര്‍ഷം.
അന്ന് വൈകുന്നേരം,വീട്ടില്‍ വെച്ച് അവന്‍ തന്റെ ഡീമാറ്റ് അക്കൌണ്ട്  സ്റ്റേറ്റ്മെന്റ് ഭാര്യ മീരയെ കാണിച്ചു.
" മീരാ,ഇത് നോക്കൂ.. നമ്മുടെ മകള്‍ക്കുള്ളത് ഞാന്‍ കെട്ടിപടുത്തുകൊണ്ടിരിക്കുന്നു.നാലു വര്ഷം മുന്‍പ് നമ്മള്‍  നിക്ഷേപിച്ച എണ്‍പതിനായിരം  രൂപ ഇപ്പോള്‍ എത്രയായെന്നു നിനക്ക് പറയാമോ?"
"ഇല്ല..എത്ര ആയി?"
" അഞ്ച്..അഞ്ചു ലക്ഷം രൂപ.."
"കൊള്ളാമല്ലോ..നമ്മുടെ നീതുമോളെ കെട്ടിക്കാറാവുമ്പോള്‍ എത്രയാവും ?"
അവള്‍ കൌതുകത്തോടെ ചോദിച്ചു.
"ഇങ്ങനെ വിപണി കയറിക്കൊണ്ടിരുന്നാല്‍ വലിയ ഒരു തുകയാകും.."
"ഇരുപത്തഞ്ചു ലക്ഷം ആകുമോ?"
അരുണ്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന മൂന്നു വയസ്സുള്ള മകളെ വാത്സല്യത്തോടെ നോക്കി.
"നമ്മുടെ നീതുമോള്‍ക്ക് അതില്‍ കൂടുതല്‍ കിട്ടും..അതില്‍ കൂടുതല്‍.."
അവന്‍ പറഞ്ഞു.
ഒരാഴ്ച കടന്നു പോയി.വിപണിയില്‍ വിലകള്‍ മെല്ലെ ഇറങ്ങാന്‍ തുടങ്ങി.
"പേടിക്കാനൊന്നുമില്ല..ഇത് ചെറിയ ലാഭം എടുക്കല്‍ ആണ്.ഉടനെ പഴയതിനേക്കാള്‍ മുകളില്‍ കയറും.ഇത് ബെസ്റ്റ് ടൈം..എല്ലാരും വാങ്ങിച്ചോളീന്‍.."
അഹമ്മദ് അവധി വ്യാപാര കരാറുകള്‍ വാങ്ങിച്ചുകൂട്ടി.കയ്യിലുള്ള മുഴുവന്‍ തുകയ്ക്കും.
സൂചികയുടേയും ഓഹരികളുടെയും ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളായിരുന്നു അത്.

"മാര്‍ക്കറ്റ് അടുത്താഴ്ച് തിരിച്ചു കയറും..അപ്പോള്‍,മൊത്തമായി വില്‍ക്കാം.പെരുത്ത ലാഭത്തിന്.ഹല്ല പിന്നെ.."
അഹമ്മദ് ആത്മ വിശ്വാസത്തോടെ പറഞ്ഞു.
" നോ ഡൌട്ട്..മാര്‍ക്കറ്റ് വില്‍ കം ബാക്ക്.."
ലൂക്കോസ് പ്ലാത്തോട്ടം ഉടന്‍ തന്നെ  പിന്താങ്ങി.
മത്തായി ചേട്ടന്‍ പുരുഷോത്തമനെ നോക്കി.
"സെന്‍സെക്സ് മുപ്പതിനായിരം ഉറപ്പാണല്ലോ,അല്ലെ?"
"മുപ്പതു വന്നില്ലേലും,ഒരു ഇരുപത്തയ്യായിരം വരാതിരിക്കുമോ?"
പറവൂര്‍ പുരുഷോത്തമന്‍ താടി ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
"ശരിയാ..വരും.."
മോഹനന്‍ വരാപ്പുഴ  പറഞ്ഞു.
എല്ലാവരും വാങ്ങിക്കൂട്ടി.വീണ്ടും,വീണ്ടും..
ഓഹരികളും അവധി വ്യാപാര കരാറുകളും.
അവര്‍ പ്രതീക്ഷയോടെ കാത്തു.

രണ്ടായിരത്തി എട്ടു ജനുവരി ഇരുപത്തിയൊന്ന്.
ട്രേഡിംഗ് ടെര്‍മിനലിന് മുന്‍പില്‍ അരുണ്‍ തരിച്ചിരുന്നു.
ഓഹരികള്‍ പൊടുന്നനെ നിലം പൊത്തുന്നു.
ടെര്‍മിനലിന് ചുവപ്പ് നിറം മാത്രം!
സെന്‍സെക്സ്  ആയിരത്തി നാനൂറ്റി എട്ടു പോയിന്റ് ഇടിഞ്ഞു.
എന്തൊരു പതനം,ശര വേഗത്തില്‍ !
അരുണിന്റെ തൊണ്ട വരണ്ടു.ഉള്ളം കൈ വിയര്‍ത്തു.
കാല്‍പ്പാദം മുതല്‍ തണുപ്പ് അരിച്ചു കയറി.

ട്രേഡിംഗ് ഫ്ലോറില്‍ നിശബ്ദത മാത്രം.
ഇടയ്ക്കിടെ ചില അടക്കം പറച്ചിലുകള്‍ മാത്രം കേള്‍ക്കാം.
എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടതുപോലെ.

താണ ശിരസ്സോടെ,നിരാശയോടെ  ഇടപാടുകാര്‍ മടങ്ങുന്നത് അരുണ്‍ അന്ന് കണ്ടു.

" ഇനി ഈ നഷ്ടം എന്ന് മാറും, അരുണ്‍ ചേട്ടാ?"
ഡീലര്‍ രമ്യ ചോദിച്ചു

"എനിക്ക്  അറിയില്ല...എന്തോ ഒരു ഭയം തോന്നുന്നു.."

പിറ്റേദിവസം അരുണ്‍ നേരത്തെ എത്തി.
ഇടപാടുകാര്‍ കുറവായിരുന്നു.പതിവുകാര്‍ മാത്രം.
പുതുമുഖങ്ങളെയൊന്നും കണ്ടില്ല.
അഹമ്മദും,ലൂക്കോസും,മോഹനനും,പുരുഷോത്തമനും,മത്തായി ചേട്ടനും അരികിലുള്ള  സീറ്റുകളില്‍ തന്നെയുണ്ട്.
ബ്രാഞ്ച് മാനേജര്‍ ആന്റണി സാര്‍ കാബിനില്‍ കയറാതെ ട്രേഡിംഗ് ഫ്ലോറില്‍ തന്നെ ഉണ്ട്.
എല്ലാവരും മാര്‍ക്കറ്റു തുടങ്ങാന്‍ കാത്തിരിക്കുകയാണ്.
സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ധത.
ട്രേഡിംഗ് തുടങ്ങി.
ടെര്‍മിനലില്‍ നീല നിറമില്ല.ചുവപ്പ് മാത്രം.
വിലകള്‍ വീഴുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂട്ട വില്പനയാണ്..
സൂചിക എണ്ണൂറ്റി എഴുപത്തിയഞ്ച് പോയിന്‍റ് കൂടി ഇടിഞ്ഞു.
അന്ന്, സെന്‍സെക്സ്  പതിനാറായിരത്തി എഴുന്നൂറ്റി മുപ്പതില്‍ വ്യാപാരം അവസാനിപ്പിച്ചു.
പിന്നില്‍ ഒരു നിലവിളി കേട്ടു.
"പടച്ചോനെ..പോയല്ലോ ..."
എന്തോ നിലംപതിക്കുന്ന വലിയ  ഒച്ചയും.
അരുണ്‍ ഞെട്ടലോടെ തിരിഞ്ഞു.
അഹമ്മദ് ഇക്ക കസേരയടക്കം മറിഞ്ഞ് താഴെ വീണു കിടക്കുന്നു.
ലൂക്കോസും മോഹനനും കൂടി അദ്ധേഹത്തെ താങ്ങിയെടുത്തു.
വെള്ളം തളിച്ചിട്ടും അനക്കമില്ല.
"നഷ്ടം താങ്ങാന്‍ പറ്റിയില്ല,പാവത്തിന്.." മോഹനന്‍ വെപ്രാളപ്പെട്ടു.
"എത്രയും വേഗം  ആശുപത്രിയിലേക്ക് പോകാം..ഒന്നും  വരുത്തല്ലേ എന്‍റെ കര്‍ത്താവേ.."
മത്തായി ചേട്ടന്‍ നിലവിളിക്കും പോലെ പറഞ്ഞു.
അഹമ്മദിനെയും താങ്ങിക്കൊണ്ട് അവര്‍ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.

(- തുടരും-)









അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു