ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നോവൽ. ലാഭം തിരയുന്നവർ. അദ്ധ്യായം രണ്ട്.


ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ  അവർ കാത്തു നിന്നു. അഹമ്മദ് ഇക്കയ്ക്കു സ്ട്രോക്ക്  ആയിരുന്നുവെന്നാണ് സർജൻ പറഞ്ഞത്. തലയിലെ ഞരമ്പു പൊട്ടുകയായിരുന്നുവത്രെ. എന്തൊരു ദുരന്തമാണിത് . ഇന്നലെ വരെ ചുറുചുറുക്കോടെ നിന്ന മനുഷ്യൻ ഇതാ മരണത്തോട് മല്ലടിക്കുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ അരുണും ഇടപാടുകാരും സ്തംഭിച്ച് നിന്നു.

 ആശുപത്രിയിലെ കറുത്തു തടിച്ച  സെക്യരിറ്റി  വന്നു ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു:
"ഇവിടെ ഇങ്ങനെ കൂട്ടം കൂടി നില്ക്കാൻ പറ്റില്ല.. വെയ്റ്റിംഗ് റൂമിൽ പോയിരിക്കണം".
"ശരി  സഹോദരാ.. പക്ഷെ വിരട്ടണ്ട.മയത്തിൽ പറഞ്ഞാ മതി.."
ലൂക്കോസ്  പ്ലാത്തോട്ടം പറഞ്ഞു.
അവർ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു.

"മിസ്റ്റർ അഹമ്മദിന്റെ  ബന്ധുക്കൾ ആരും വന്നില്ലേ?"
 നേഴ്സ് വന്നു ചോദിച്ചു.
"അറിയിച്ചിട്ടുണ്ട്.. വരും..".
മോഹനന്‍ വരാപ്പുഴ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ, രണ്ടുപേർ വെയ്റ്റിംഗ് റൂമിന്‍റെ കതകു തള്ളി തുറന്നുകൊണ്ട് അകത്തു വന്നു .
അഹമ്മദ് ഇക്കയുടെ മക്കളാണ്.
അൻവറും അക്ബറും.
"ആരോട് ചോദിച്ചിട്ടാണ് ബാപ്പയെ നിങ്ങള് ഓപ്പറേഷന് കയറ്റിയത്?"
 അൻവർ സങ്കടവും ദേഷ്യവും അടക്കാന്‍  വയ്യാതെ ചോദിച്ചു.
 "സ്‌ട്രോക്ക് വന്നാൽ  പിന്നെ വെയ്റ്റ് ചെയ്യാൻ പറ്റുമോ? വളരെ  സീരിയസ് ആയിരുന്നു.ഫോര്‍മാലിട്ടീസ് നോക്കി നിൽക്കാതെ ഡോക്ടർ ഉടന്‍ ഓപ്പറേഷൻ വേണമെന്ന്  പറഞ്ഞിട്ട് കയറ്റുവാരുന്നു.."
ലൂക്കോസ് പ്ലാത്തോട്ടം പറഞ്ഞു.
 "ഞങ്ങളെ എന്താ അപ്പോള്‍  അറിയിക്കാഞ്ഞത് ?"
അക്ബർ ചോദിച്ചു.
അവൻ്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
 "നിങ്ങളുടെ നമ്പർ ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു . അഹമ്മദിക്കയുടെ ജീവൻ രക്ഷിക്കാനുള്ള തിരക്കിനിടയിൽ മറ്റൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല..ഒടുവിൽ ആൻ്റണി സാറാണ് നിങ്ങളുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചത്.."
മോഹനൻ വരാപ്പുഴ പറഞ്ഞു.

"ഇവനൊരുത്തനാണു എല്ലാത്തിനും കാരണം.ഈ നില്‍ക്കുന്ന അരുണ്‍.അഞ്ചു കൊല്ലം മുൻപ് ഇവനാണ് ബാപ്പയെ ഈ ചൂതാട്ടത്തിലേയ്ക്ക് ഇറക്കിയത്."
 അക്ബർ അരുണിനെ രൂക്ഷമായി നോക്കി.

"ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽപ്പോലും  വിചാരിച്ചിരുന്നില്ല സാർ...രണ്ടാഴ്ച മുൻപ് വരെ ഇക്കയ്ക് സ്ഥിരമായി ലാഭം തന്നെ ആയിരുന്നു പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.മുഴുവൻ തുകയ്ക്കും ഫ്യൂച്ചർ കോൺട്രാക്ടുകൾ വാങ്ങിയതാണ് ഇത്രയും നഷ്ടമുണ്ടാകാൻ കാരണം."
 അരുൺ വിഷമത്തോടെ പറഞ്ഞു.

"ഇത്രയും ഒക്കെ ഒപ്പിച്ചിട്ടു ന്യായികരിക്കുന്നോടാ കള്ള ഹിമാറെ.." അരുണിന്റെ  ചെകിട് ലക്ഷ്യമാക്കി അക്ബർ കൈ ആഞ്ഞു വീശി.
അരുൺ പൊടുന്നനെ മാറിക്കളഞ്ഞു.
പറവൂർ പുരുഷോത്തമൻ ഉടനെ തന്നെ  അക്ബറിന്‍റെ കൈയിൽ പിടുത്തമിട്ടു:.
"ദേ, കയ്യാങ്കളിയൊന്നും വേണ്ട ...അരുണിനെ തൊടാൻ ഞങ്ങൾ സമ്മതിക്കില്ല. ഇക്ക ഞങ്ങടെയൊക്കെ അടുത്ത സുഹൃത്താ..  വര്‍ഷങ്ങളായി ഞങ്ങൾ ഒന്നിച്ചാ  ട്രേഡ് ചെയ്യുന്നത്. അരുൺ പറഞ്ഞ പോലെയല്ല നിങ്ങളുടെ ബാപ്പ ട്രേഡ് ചെയ്തത്.. സ്വന്തം ഇഷ്ടത്തിനാണ്.ഞങ്ങളും അങ്ങനെ തന്നെ..നഷ്ടത്തിന്റെ ഉത്തരവാദിത്തം മാത്രം അവൻ്റെ തലയിൽ കെട്ടി വെയ്ക്കണ്ട."
 അക്ബർ  അരുണിനെയും പുരുഷോത്തമനെയും അടക്കാനാവാത്ത ദേഷ്യത്തോടെ നോക്കി.
"ഈ നേരത്തു ശണ്ഠകൂടിയിട്ടു എന്ത് പ്രയോജനം? ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കൂ ". മത്തായി ചേട്ടൻ  പറഞ്ഞു  .
അൻവർ അക്ബറിനെയും വിളിച്ചുകൊണ്ട് വെയിറ്റിങ് റൂമിനു പുറത്തേക്കു പോയി.
ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍,സര്‍ജന്‍ തീയേട്ടറിന് പുറത്തു വന്നു:
"ഐ.സി.യുവിലേക്ക് മാറ്റുവാണ്. നാല്‍പ്പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും തീര്‍ത്തു പറയാന്‍ കഴിയില്ല.."
വിവരം അറിഞ്ഞുകഴിഞ്ഞ്, അരുണ്‍ മടങ്ങി.
മറ്റുള്ളവരും തിരിച്ചു പോയി.
അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോഴാണ്,  അരുണ്‍ വീട്ടില്‍ എത്തിയത്.
" ഇക്കയ്ക്ക് എങ്ങനെയുണ്ട്?"
  മീര ആധിയോടെ ചോദിച്ചു
"ഒന്നും തീര്‍ത്തു പറഞ്ഞിട്ടില്ല.എങ്കിലും,ദൈവം കൈവിടില്ല എന്ന് തോന്നുന്നു ..."
അഹമ്മദ് ഇക്കയുടെ മക്കള്‍ തന്നോട്  ഇടഞ്ഞത് അവന്‍ മറച്ചു വെച്ചു.
മീരയെ കൂടുതല്‍ വിഷമിപ്പിക്കണ്ടെന്നു കരുതി.
"നീ അത്താഴം കഴിച്ചോ?"
"ഇല്ല.നീതുമോളെ കഴിപ്പിച്ചിട്ട് ഉറക്കി.അരുണേട്ടന്‍ വന്നിട്ട് കഴിക്കാമെന്നു കരുതി.."
"എന്‍റെ വിശപ്പ്‌ കെട്ടു പോയി.."
അവന്‍ ഷര്‍ട്ട് മാറ്റിയിട്ട് കട്ടിലില്‍ ഇരുന്നു.
"അങ്ങനെയാണേല്‍,എനിക്കും വേണ്ടാ.."
അവള്‍ പറഞ്ഞു.
"എന്നാല്‍ വിളമ്പിക്കോ..ഞാനും ഇരിക്കാം..നീ വെറുതെ പട്ടിണി കിടക്കണ്ട.."
അരുണ്‍ പറഞ്ഞു.
പിറ്റേന്ന്, രാവിലെ തന്നെ അരുണ്‍  സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയിലെത്തി.ഉറക്കച്ചടവുണ്ടായിരുന്നു.
രമ്യ ടെർമിനലുകൾ ഓപ്പൺ ചെയ്തിട്ടുണ്ടായിരുന്നു.
" സർവ്വയലൻസ് ഡിപ്പാർട്മെന്റിൽ നിന്ന് ജെയിൻ സാറിന്റെ കാളുണ്ടായിരുന്നു .മാർജിൻ കുറവുള്ള എല്ലാ പൊസിഷനും പതിനൊന്നു മണിക്ക് മുൻപ്  തന്നെ വിൽക്കണമെന്ന്.."
അവൾ പറഞ്ഞു.
 കമ്പനിയിലെ എല്ലാ ഇടപാടുകാരും മാർജിൻ തുക കൃത്യമായി
പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്ന സർവയലൻസ് ആൻഡ് റിസ്ക് മാനേജ്‌മെന്‍റ് ഡിപ്പാർട്മെന്‍റ്  മേധാവി ആണ് വിവേക് ജെയിൻ.
മുംബൈയില്‍ ആണ് ആസ്ഥാനം.
അരുണും രമ്യയും മറ്റു ഡീലര്‍മാരും  മാർജിൻ തുക കുറവുള്ള എല്ലാ ഇടപാടുകാരെയും വിവരം  അറിയിച്ചു.
ചിലർ കരാറുകൾ നില നിറുത്തുവാൻ  ആവശ്യമായ മാർജിൻ അടച്ചു.
മറ്റു ചിലർ,ഇനിയും മാർജിൻ അടയ്ക്കാൻ തുക ഇല്ലാത്തതിനാൽ അവധി വ്യാപാര കരാറുകൾ വിൽക്കാൻ  അനുവാദം നൽകി.

മത്തായി ചേട്ടനും മോഹനൻ വരാപ്പുഴയും നൗഷാദും പുരുഷോത്തമനും ലൂക്കോസുമെല്ലാം  കരാറുകൾ വിറ്റുമാറി.
അഹമ്മദ് ഇക്ക തീവ്ര പരിചരണ വിഭാഗത്തിൽ ആയതിനാൽ,രമ്യ അദ്ദേഹത്തിന്റെ മക്കളെ വിവരം അറിയിച്ചു.
"അനക്കൊന്നും കോമൺ സെൻസില്ലെ? ആശുപത്രിയിൽ ടെന്‍ഷനടിച്ചു നിൽക്കുമ്പോഴാണോ കച്ചവടം? വിറ്റു തുലയ്ക്ക് സകലതും.. "
അക്ബർ രമ്യയോട് കയർത്തു.
 രമ്യ സങ്കടത്തോടെ ഓർഡറുകൾ ഇട്ടു.
 ഒരാൾ മാത്രം വിൽക്കാൻ അനുവദിച്ചില്ല.
 തേവരയിലുള്ള സുമേഷ്.
"അരുൺ ചേട്ടാ,വിൽക്കരുത്..പ്ലീസ്..പേഴ്സണൽ ലോൺ എടുത്ത കാശ് ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..മൂന്നു മാസമായി ജോലി ഇല്ലാത്തതിനാൽ, മാസത്തവണ മുടങ്ങി കിടക്കുകയാണ്. എച്ച്.എഫ്.സി.ബാങ്കിൽ നിന്ന് റിക്കവറി ഏജന്റുമാർ ഒരു മാസമായി  വീട്ടിൽ കയറി ഇറങ്ങുകയാണ്..അടയ്ക്കാൻ ഒരു നിവൃത്തിയുമില്ല.
കഴിഞ്ഞ ദിവസം വന്നത് തനി ഗുണ്ടകൾ ആണ്.അവർ എന്നെ തല്ലി.ഇനി ആകെയുള്ള ആശ്രയം ആ കോൺട്രാക്ടുകൾ ആണ്.അതു കൂടി പോയാൽ പിന്നെ ഞാനില്ല.."
സുമേഷിന്‍റെ കരച്ചിൽ അരികിലെന്നോണം അരുൺ കേട്ടു.അവന്‍റെ ഉള്ളു വിങ്ങി.
ഉച്ച കഴിഞ്ഞിട്ടും അരുൺ സുമേഷിന്‍റെ അവധി വ്യാപാര കരാറുകൾ വിറ്റില്ല.
രണ്ടു മണി ആയപ്പോൾ,വിവേക് ജെയിനിന്‍റെ ഫോൺ വന്നു.
"അരുൺ,വാട്ട് ദ ഹെൽ യൂ ആർ ഡൂയിങ് ദേർ ? സ്‌ക്വയർ ഓഫ് ഓൾ പൊസിഷൻ ഇമ്മീഡിയറ്റ്ലി.."
എല്ലാ കരാറുകളും ഉടന്‍ വില്‍ക്കണമെന്ന് !
"സാർ, സുമേഷ് ഈസ് ആൻ ഇന്നസെന്‍റ് ഗൈ..ഹി ഈസ് ഇൻ എ ബിഗ് ക്രൈസിസ്.."
"ഓക്കേ.യൂ ഗോ ആൻഡ് ഹെല്‍പ്പ് ഹിം ഫ്രം യുവർ ഓണ്‍ അക്കൌണ്ട്..ഡോണ്ട് ഇൻവോൾവ് ദ കമ്പനി.."
ജെയിന്‍ പരിഹസിച്ചു.
പറഞ്ഞു തീരും മുൻപ്,അയാള്‍ സുമേഷിന്‍റെ കരാറുകൾ
സർവയലൻസ് ഡിപ്പാർട്ട്‌മെമെന്‍റ് ടെർമിനലിൽ നിന്ന് വിറ്റു.
സുമേഷിന്‍റെ കരാറുകൾ ജെയിന്‍  വിറ്റതിന്‍റെ വിവരങ്ങൾ തന്‍റെ ടെർമിനലിൽ മിന്നി മറയുന്നത് അരുൺ കണ്ടു.
"സാർ,വൈ ആക്ടിങ് സോ ക്രൂവൽ..?"
"ദിസ് ഈസ് മൈ ഡ്യൂട്ടി..കട്ട് യുവർ ഫോൺ, സ്റ്റുപ്പിഡ്.."
വിവേക് ജെയിൻ അലറി.
"നിന്‍റെ അച്ഛൻ ആണെടാ സ്റ്റുപ്പിഡ്..മരമാക്രീ .."
അരുൺ അതേ ശബ്ദത്തിൽ പറഞ്ഞു.
"ക്യാ..?"
അപ്പുറത്തു നിന്ന് വിശ്വാസം വരാത്തതു പോലെ, അന്ധാളിപ്പ് നിറഞ്ഞ ശബ്ദം.
അരുൺ  അരിശത്തോടെ ഫോൺ വെച്ചു.
രമ്യയും മത്തായിചേട്ടനുമൊക്കെ തന്നെ അമ്പരപ്പോടെ നോക്കുന്നത് അവൻ കണ്ടു.
നഷ്ടം,നഷ്ടം,മഹാനഷ്ടം..!
ഓഹരിവിപണി ഒരു മഹാ ദുരന്തമായി മാറുന്നു.
മാനുഷിക പരിഗണന ഇല്ലാത്ത,അപേക്ഷകൾ കേൾക്കാത്ത ഇടമായി അത് മാറിയിരിക്കുന്നു.
അരുൺ നിരാശയോടെ ഇരുന്നു.
സമയം മുൻപോട്ടു നീങ്ങാൻ എത്ര പ്രയാസം?

ആ സമയം,തേവരയിലെ വീട്ടിൽ സുമേഷ് ഭ്രാന്തു പിടിച്ചതുപോലെ മുറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.
അച്ഛനില്ലാത്ത വീട്.അമ്മയ്ക്ക് കാൻസറാണ്.അനുജൻ പഠിക്കാൻ മിടുക്കനാണെങ്കിലും സ്‌കൂളിൽ പോകുന്നില്ല.ഫീസ് അടയ്ക്കാതെ അവിടെ കണ്ടുപോകരുതെന്നു പ്രിൻസിപ്പൽ താക്കീതു ചെയ്തിട്ടുണ്ട്.മുന്തിയ ഫീസ് വാങ്ങുന്ന സി.ബി.എസ്.ഇ സ്‌കൂളിൽ ചേർത്തതാണ് അബദ്ധമായത്.

മൂന്നു വര്ഷം മുൻപാണ്,കെട്ടിടനിർമ്മാണ തൊഴിലാളി ആയ അച്ഛൻ ഏണിയിൽ നിന്ന് കാൽ വഴുതി വീണു മരിച്ചത്.അന്ന് മുതൽ,തന്‍റെ ചുമലിലാണ് കുടുംബത്തിന്‍റെ ഉത്തരവാദിത്തം.
കൊറിയർ കമ്പനിയിലെ ജോലിയിൽ നിന്നുള്ള വരുമാനം തികയാത്തതു  കൊണ്ടാണ് ഷെയർ മാർക്കെറ്റിൽ ട്രേഡിങ്ങ് തുടങ്ങിയത്.
ആ സ്ഥാപനത്തിലേക്ക് ദിവസേന കൊറിയർ എടുക്കാൻ പോയി ഉള്ള പരിചയം ആയിരുന്നു.
പേഴ്സണൽ ലോൺ കിട്ടിയ രണ്ടു ലക്ഷം രൂപ ട്രേഡ് ചെയ്ത് മൂന്നര ലക്ഷം രൂപാ വരെ എത്തിച്ചതാണ്.ഇപ്പോൾ,എല്ലാം തകർന്നടിഞ്ഞിരിക്കുന്നു.
ഇനി വയ്യ.ജീവിതം ഒരു വന്‍ പരാജയം ആയിരിക്കുന്നു.മുന്‍പില്‍,ഇരുട്ട് മാത്രം.
എച്ച്.എഫ്.സി ബാങ്കിലെ റിക്കവറി എജന്ടുമാരായി വരുന്ന ഗുണ്ടകൾ തന്നെ ഇനി കൊത്തിപ്പറിക്കും.
സുമേഷ് മരിക്കാൻ തീരുമാനിച്ചു.
പത്തുമണി ആയപ്പോഴേക്കും,അമ്മയും അനുജനും ഉറങ്ങാൻ കിടന്നുവെന്ന് സുമേഷ് മനസ്സിലാക്കി.
രാത്രിയുടെ നിശബ്ദത.
പതിനൊന്നു മണി വരെ അവന്‍ കാത്തു.
സുമേഷ് സ്റ്റൂളിൽ കയറി.
 കയറിന്‍റെ ഒരഗ്രം ഫാനിൽ ഘടിപ്പിപ്പിച്ചിട്ട്, മറ്റേ അഗ്രം കൊണ്ട് ഉണ്ടാക്കിയ  കുടുക്ക് കഴുത്തിൽ മുറുക്കി.
" ബൈ.."
അവൻ വിതുമ്പിക്കൊണ്ട് മന്ത്രിച്ചു.

- ( തുടരും) -

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു