ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അദ്ധ്യായം മൂന്ന്. ലാഭം തിരയുന്നവര്‍. നോവല്‍


   ജീവിതവും മരണവും തമ്മിൽ നേരിയൊരു അകലം മാത്രമേയുള്ളൂ.
അൽപനേരം ശ്വാസം നിലച്ചാൽ,അവസാനിക്കുന്നതേയുളളൂ ജീവിതം.

സുമേഷ് താൻ നിൽക്കുന്ന സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു.
പെട്ടെന്നാണ് വീടിന്‍റെ വാതിലിൽ ആരോ മുട്ടിയത്.
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,നായ്ക്കള്‍ ശക്തിയായി കുരയ്ക്കുന്നു.
"സുമേഷേ.."
ആരാണ് ഈ രാത്രിയിൽ തന്നെ പേരു ചൊല്ലി വിളിക്കുന്നത്?
അപ്പുറത്ത്, ഹാളിലും വരാന്തയിലും വെളിച്ചം വീഴുന്നു.
ജനലിലൂടെയും എയർ ഹോളിലൂടെയും വെളിച്ചം അരിച്ചിറങ്ങുന്നു.
വീടിന്‍റെ പ്രധാന വാതിൽ തുറക്കുന്ന പോലെ.
അമ്മയുടെ ശബ്ദം കേട്ടു;അനുജന്‍റെയും.
അവർ ഉണർന്നിരിക്കുന്നു.
ഇനി വൈകിക്കൂടാ..
എല്ലാ ദുഖങ്ങളും വെടിഞ്ഞു പ്രപഞ്ചത്തിൽ ലയിക്കാൻ സുമേഷ് തയ്യാറെടുത്തു.കൈകൾ താഴേക്കു ആക്കികൊണ്ട് സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു.
കഴുത്തില്‍ കയര്‍ മുറുകുന്നു.
 ബോധം മറയുന്ന പോലെ...
കതകിൽ ആരോ ശക്തിയായി ഇടിച്ചുവോ?
ശ്വാസം വിലങ്ങും മുൻപ് ആരോ കാലിൽ പിടിച്ചു ഉയർത്തിയതു പോലെ.
കഴുത്തിലെ കുരുക്ക് അയഞ്ഞതു പോലെ.
മുഖത്തേക്ക് ആരാണ് വെള്ളം തളിക്കുന്നത്?
ബോധം തെളിയുമ്പോൾ,അമ്മയുടെ മടിയിൽ കിടക്കുകയാണ്.
അമ്മയുടെ കണ്ണീരിന്‍റെ ഉപ്പുരസം നാവിൽ രുചിക്കുന്നു.
അനുജന്റെ തേങ്ങൽ കേൾക്കാം.
കണ്ണ് തുറന്നു നോക്കിയത്,രക്ഷകന്‍റെ മുഖത്തേക്കാണ്.
അരുൺ.
ഇയാൾ എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത് ?
ചെറിയ വീടിനുള്ളിൽ ആൾക്കൂട്ടം നിറഞ്ഞിരിക്കുന്നത്‌ അവന്‍ കണ്ടു..
അയൽക്കാർ മുഴുവനും ഉണ്ട്.
" എന്തൊരു കടും കയ്യാ ഈ മച്ചാൻ കാട്ടിയെ.."
" നുമ്മ കണ്ടത് കാര്യമായി..ഇല്ലേൽ തീർന്നേനെ.."
"വല്ലാത്ത പണി ആയി പോയി.."
കൂട്ടുകാരുടെ അടക്കം പറച്ചിലുകൾ.
"  ബ്രോ ഇങ്ങാട്ട് വന്നത് നന്നായി .."
അവരൊക്കെ അരുണിന് നന്ദി പറയുന്ന തിരക്കിലാണ്.
പിടലിക്ക് നല്ല വേദനയുണ്ട്.വല്ലാത്ത ക്ഷീണവും.
സുമേഷിന് ആത്മനിന്ദ തോന്നി.
എപ്പോഴോ  തളർന്നുറങ്ങി.
ഉണരുമ്പോൾ, അരികിൽ അമ്മയും അനുജനും അരുണും മാത്രം ഉണ്ട്.
നേരം പുലർന്നിരിക്കുന്നു.
"എന്തിനാ വന്നെ? എന്നെ നാണം കെടുത്താനോ?"
സുമേഷ് നീരസത്തോടെ അരുണിനെ നോക്കി.
"ഇന്നലെ നിന്‍റെ കാര്യം ഓർത്തിട്ട് എനിക്ക് സ്വസ്ഥത കിട്ടിയില്ല സുമേഷേ...എന്തെങ്കിലും ആപത്തു വരുമോയെന്ന ഭയം.വീട്ടിലെത്തിയിട്ട് കിടന്നെങ്കിലും  ഉറക്കം വന്നില്ല. നിന്നെ മൊബൈലിൽ  കുറെ വിളിച്ചു. കിട്ടിയില്ല.അതോടെ,ആകെ വെപ്രാളമായി .നിനക്ക് ഒരു ആപത്തും ഉണ്ടാകരുതെന്ന്  മനസ്സിലാരോ പറഞ്ഞ പോലെ. ഈശ്വരൻ തോന്നിപ്പിച്ചതാവാം.അതാ ഞാൻ ബൈക്കുമെടുത്തു വന്നത്.."
"ഞാന്‍ ഇനി എങ്ങനെ ജീവിക്കും? ബാങ്കിന്‍റെ റിക്കവറി  ഗുണ്ടകള് എന്നെ  ശരിയാക്കും.."
സുമേഷ് നിരാശയോടെ പറഞ്ഞു.
"വിഷമിക്കാതെ..നമുക്ക് പരിഹാരം ഉണ്ടാക്കാം.."
"എങ്ങനെ?"
"എന്‍റെ കൂടെ ഒരിടം വരെ വരാമോ?"
സുമേഷ് അരുണിനെ സൂക്ഷിച്ചു നോക്കി.
"വരാം.."
അവന്‍ മന്ത്രിച്ചു.
"എന്നാൽ കുളിച്ചു റെഡിയാവ്..ദയവു ചെയ്തു ഇനി വേണ്ടാതീനമൊന്നും കാണിക്കല്ലേ.."
സുമേഷ് കുളിച്ചു വന്നപ്പോഴേക്കും,സാവിത്രിയമ്മ ദോശ ചുട്ട് വെച്ചിരുന്നു.അമ്മ അരുണിന് നന്ദി പറയുന്നത് സുമേഷ് കണ്ടു,
അനുജൻ സുജിത്ത് ഇനിയും അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്നു.
അവൻ ഒരു ദോശ മാത്രം  കഴിച്ചിട്ട് അരുണിന്റെ ബൈക്കിന്‍റെ പിന്നിൽ കയറി.
എവിടേക്കെന്ന് ചോദിച്ചില്ല.
നല്ല തണുപ്പുള്ള കാറ്റ് വീശുന്നുണ്ട്.
തൃപ്പൂണിത്തുറ വഴി മുളന്തുരുത്തിയിലെത്തിയിട്ട്,റബ്ബർ തോട്ടത്തിനിടയിലൂടെ അരുൺ ബൈക്കോടിച്ചു.
" ഇത്  എങ്ങോട്ടാ?"
അവന്‍ ആകാംക്ഷ മറച്ചു വെച്ചില്ല..
"പ്ലാത്തോട്ടം ലാറ്റക്സ്  ലിമിറ്റഡ് എന്ന് കേട്ടിട്ടുണ്ടോ?അതിന്റെ എം.ഡി.യുടെ വീട്ടിലേക്കാ.."
"ലൂക്കോച്ചായന്റെയോ?"
"അതെ.."
ബൈക്ക് ഒരു പടുകൂറ്റൻ ഇരു നില ബംഗ്ളാവിലേക്കുള്ള സിമന്‍റ്  ടയല്‍സ് പാകിയ പാതയിലേക്ക് കടന്നു.
ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു.
മനോഹരമായി ലാന്‍ഡ്‌സ്കേപ്പ് ചെയ്തിരിക്കുന്നു.

" ആരാ ?"
കൊമ്പൻ മീശക്കാരനായ ഒരാൾ ഓര്‍ക്കിഡും ആന്തൂറിയവും വിവിധ തരം റോസാപ്പൂക്കളും നിറഞ്ഞ   പൂന്തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു.
"ലൂക്കോച്ചായന്റെ ഫ്രണ്ടാ.."
" ഫ്രണ്ടോ ? നിനക്ക് അച്ചായന്‍റെ ഇളയ മോന്‍റെ പ്രായം പോലും ഇല്ലല്ലോടാ കൊച്ചനെ.." അയാള്‍ ചോദിച്ചു.
"മോനെ പോലെ തന്നെയാ.."
അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പൈലീ..നമ്മടെ പയ്യനാ..ഇങ്ങോട്ടു വിട്ടേര്.."
ലൂക്കോസിന്‍റെ ശബ്ദം കേട്ടു.
ബംഗ്ളാവിന്‍റെ ബാൽക്കണിയിൽ നിൽപ്പുണ്ട്.
വീടിനു മുന്നിലുള്ള  കാർ പോർച്ചിൽ ഒരു മെഴ്‌സിഡസ് ബെൻസും ബി.എം.ഡബ്ലിയുവും കിടക്കുന്നു.
ഇടതു വശത്തെ കാർപോർച്ചിൽ ഒരു ടൊയോട്ട ഫോർച്യൂണറും.
ലൂക്കോസ് അവരെ സ്വീകരണ മുറിയിലിരുത്തി.
" ഏലിയാമ്മേ..പിള്ളേർക്കൂടെ  കാപ്പീം വെള്ളയപ്പോം കറീം എടുത്തു വെയ്ക്ക്"
മറുപടിയെന്നോണം കിച്ചണിൽ നിന്ന് ഒരു മൂളൽ കേട്ടു.
"ഞങ്ങൾ കഴിച്ചതാ..ഒരു പ്രശ്നത്തിലായിട്ട് വന്നതാ.."
അരുൺ മെല്ലെ  പറഞ്ഞു.
"അത് സാരമില്ല..ഒന്നൂടെ കഴിക്കാം..ചെറു പ്രായമല്ലേ.. പ്രശ്നം എന്തുവാ?കടുവായെ കിടുവ പിടിച്ചോ?"
 ലൂക്കോസ് ചിരിച്ചു.
അരുൺ സുമേഷിന്‍റെ വിവരങ്ങൾ പറഞ്ഞു.
ലൂക്കോസ് എല്ലാം സശ്രദ്ധം കേട്ടു.
സുമേഷ് തല കുനിച്ചിരിക്കുന്നതു കണ്ട്,അയാൾ എണ്ണീറ്റു അവന്‍റെ അടുത്ത് ചെന്നു.
"നീ ഇത്ര പ്രശ്നത്തിലായിരുന്നെന്നു ഞാൻ നേരത്തെ അറിഞ്ഞില്ലല്ലോടാ മോനെ?"
ലൂക്കോസിന് അവനെ അറിയാം.ട്രേഡിങ്ങ് ഹാളിൽ കണ്ടുള്ള പരിചയം ആണ്.
"അരുണേ,നീ ഇങ്ങോട്ടു തന്നെ വന്നല്ലോ.സന്തോഷം ഉണ്ടെടാ..ഇവന്‍റെ കാര്യം ഇനി ഞാൻ നോക്കിക്കോളാം.."
അരുണിന് സമാധാനമായി.
ലൂക്കോസ് പ്ലാത്തോട്ടം വാക്കു പറഞ്ഞാൽ അതിനു പിന്നെ മാറ്റം ഇല്ലെന്നു അവനറിയാം.മന്ത്രിമാരുമായി പോലും നല്ല അടുപ്പം ആണ്.
" ഒരു കാര്യം ചെയ്തോ..ഇന്ന് തന്നെ കലൂരുള്ള എന്റെ ഓഫിസിൽ ചെന്നു ഓഫർ ലെറ്റർ വാങ്ങിക്കോ..ഞാൻ മാനേജരോട് പറഞ്ഞേക്കാം.
തല്ക്കാലം മാനേജുമെന്റ്റ് ട്രെയിനി ആയിട്ട് എടുക്കാം.ജോലി മനസ്സിലാക്കട്ടെ.കഴിഞ്ഞ ജോലിയിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരുപതു ശതമാനം സാലറി കൂട്ടി തരാം.നിനക്ക് ബാങ്കിൽ ബാക്കിയുള്ള ഇ.എം.ഐ  തുക സാലറി അഡ്വാൻസ് ആയി തരാനും ഞാൻ ഓഫിസിൽ  പറഞ്ഞേക്കാം.അതങ്ങു സെറ്റിൽ ചെയ്തേക്ക്. ആ വൃത്തികെട്ടവന്മാരുടെ  ശല്യം ഒഴിവാക്ക്.. ."
ലൂക്കോസ് പറഞ്ഞു.എന്നിട്ട് അരുണിനെ നോക്കി.
"മതിയോ അരുണേ ?"
"മതി.."
അവർ രണ്ടു പേരും ഒന്നിച്ചാണ് മറുപടി പറഞ്ഞത്.
" സുമേഷേ,ഒരു കാര്യം കൂടി.. നീയാ സൂയിസൈഡ് പരിപാടി ഇതോടെ നിർത്തിക്കോണം.നിനക്ക് എന്തേലും പറ്റിയാ ഇനി ഞാൻ കൂടി കുടുങ്ങും.."
" ഗതികേട് കൊണ്ടായിരുന്നു..ഇപ്പോൾ,ജീവിക്കാൻ ആഗ്രഹം തോന്നുന്നു.."
സുമേഷ് പറഞ്ഞു.
" ജീവിതം ഒരു അനുഗ്രഹമാ.,.അത് നമുക്ക് വെറുതെ ഇല്ലാതാക്കി കളയാനുള്ളതല്ല . .ആയിരം പ്രശ്നങ്ങള്‍ അതിജീവിച്ചാ ഞാന്‍ ഇവിടം വരെ എത്തിയത്... ജീവിതത്തില്‍ ഒന്നിനെയും പേടിക്കരുത്..മനസ്സ് വെച്ചാല്‍ മാറാത്ത ഒരു പ്രശ്നവുമില്ല .. നിങ്ങള് വാ..കാപ്പി ആയി.."
അപ്പോഴേക്കും ഡൈനിങ് ടേബിളില്‍ വിഭവങ്ങൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
പിറ്റേന്ന് തന്നെ,സുമേഷ് ജോലിക്കു പോയി തുടങ്ങി.ജീവിതത്തിൽ  വീണ്ടും പ്രതീക്ഷയുടെ പുതു വെളിച്ചം നിറയുകയാണ്.
വിപണിയാകട്ടെ, ആടി ഉലയുന്നു..
അരുൺ ഇടപാടുകാര്‍ക്ക് വേണ്ടിയുള്ള ട്രേഡിങ്ങിൻറെ തിരക്കിൽ ദിനങ്ങള്‍ തള്ളിനീക്കി.
ജനുവരി മാസം കഴിഞ്ഞ്,ഫെബ്രുവരി തുടങ്ങി. വിപണി അസ്ഥിരമായിരുന്നു.
സെൻസെക്സ് സൂചിക  പതിനാറായിരത്തി അഞ്ഞൂറിനും പതിനെണ്ണായിരത്തി എഴുന്നൂറിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു.
അരുൺ ഇടപാടുകാരുടെ പോർട്ട്ഫോളിയോ പരിശോധിച്ചു.
സ്ഥിരമായി ട്രേഡിങ്ങ് ചെയ്യുന്നവരും നിക്ഷേപകരുമൊക്കെ നഷ്ടത്തില്‍ ആണ്.
പലരുടെയും നഷ്ടം ഇരുപത്തഞ്ചു ശതമാനം മുതൽ മുപ്പത്തഞ്ചു ശതമാനം വരെയാണ്.മാർജിൻ ട്രേഡിങ്ങ് ചെയ്യുന്നവർക്കാണ് ഏറ്റവുമധികം തിരിച്ചടി കിട്ടിയത്.അവരുടെ മൂലധനം പാതിയായോ പൂർണ്ണമായോ നഷ്ടപ്പെട്ടിരിക്കുന്നു.
അതിടയിൽ,ഒരാളുടെ നിക്ഷേപം മാത്രം ലാഭത്തിൽ നിൽക്കുന്നത് അരുൺ ശ്രദ്ധിച്ചു.
ചെങ്ങന്നൂരുള്ള മുരളീധരന്റെ നിക്ഷേപം  ഇപ്പോള്‍ അൻപത്തിയഞ്ചു  ലക്ഷം രൂപ ആയിരിക്കുന്നു.ജനുവരിയിലെ ഇടിവിനു മുൻപ്,അത് നാല്പത്തിയാറു  ലക്ഷം രൂപ ആയിരുന്നല്ലോയെന്നു അവൻ ഓർത്തു.
അവൻ ആന്റണി മാത്യു സാറിനോട് വിവരം പറഞ്ഞു:
"നേരാണോ? ഈ വലിയ ക്രാഷില്‍ ഇത്രേം പേർക്ക് നഷ്ടം വന്നിട്ടും മുരളി സാർ നഷ്ടം വരാതെ ഒൻപതു ലക്ഷം ലാഭം കൂടി ഉണ്ടാക്കിയെന്നോ ? ബിഗ്  സർപ്രൈസ്.."
"മുരളിയേട്ടൻ ആള് പുലിയാ..തന്നെയാ എല്ലാം ചെയ്യുന്നത്. നമ്മുടെ കമ്പനിയുടെ ടിപ്പുകൾ ഒന്നും ഇത് വരെ നോക്കിയിട്ടില്ല.കക്ഷിക്ക്‌ സ്വന്തമായി എന്തൊക്കെയോ ടെക്നിക്കുകൾ ഉണ്ട്.ഇടയ്ക്കു ബോംബെയിലും മറ്റും ചില ഫണ്ട് മാനേജര്മാരുടെയും അനലിസ്റ്റുകളുടേയുമൊക്കെ    ട്രെയിനിങ്ങുകൾക്കു പോകും.ഞാൻ ഇടയ്ക്കു വിളിക്കുമ്പോൾ പറയാറുണ്ട്.."
" നമുക്ക് ആളെ ഒന്ന് പോയി കണ്ടാലോ?"
ആന്റണി മാത്യു ചോദിച്ചു.
"ഞാൻ വിളിച്ചു ചോദിക്കാം.."
അരുൺ മുരളീധരനെ ഫോൺ ചെയ്തിട്ട്,ആന്റണിയുടെ  കാബിനിലേക്കു വന്നു .
" മുരളിയേട്ടൻ ഇപ്പോൾ തമിഴ്നാട്ടിലുള്ള കമ്പത്താണ്..അവിടെ മുന്തിരിത്തോട്ടമുണ്ട്.ഒരു മാസം കഴിഞ്ഞേ വരൂ..കമ്പത്ത് ചെന്നാൽ കാണാമെന്നും, ടെക്നിക്കുകൾ പറഞ്ഞു തരാമെന്നും പറഞ്ഞു.."
" എന്നാൽ,നമുക്ക് അങ്ങോട്ട് വിട്ടാലോ? ഈ ശനിയാഴ്ച പുലർച്ചയ്ക്കു  പോകാം."
" ഞാൻ എപ്പോഴേ റെഡി.."
ശനിയാഴ്ച അഞ്ചു മണി ആയപ്പോഴേക്കും,ആന്റണിയുടെ കാര്‍ അരുണിന്‍റെ  വീടിനു മുൻപിൽ എത്തി.
"  അവിടെ എത്തിക്കഴിഞ്ഞു വിളിക്കണം.."
മീര പറഞ്ഞു.
അരുൺ തല കുലുക്കി.
കാർ നീങ്ങി.
നിരപ്പായ പാതകളും, മലകളും, കൊക്കകളും,ഹെയര്‍ പിന്‍ വളവുകളും പിന്നിട്ട് മുന്തിരി തോപ്പുകളുടെ നാട്ടിലേക്ക്...
നഷ്ടത്തിന്റെ ചവര്‍പ്പിനിടയില്‍  ലാഭത്തിന്റെ മധുരം നുണയാൻ... വിപണിയുടെ മഹാ രഹസ്യങ്ങൾ തേടിയുള്ള യാത്ര!

- (തുടരും)-



അഭിപ്രായങ്ങള്‍

  1. ലളിതമായ ശൈലി , ഒഴുക്കോട് കൂടിയ എഴുത്ത്, അടുത്തതിനായി കാത്തിരിക്കുന്നു , Very Good, Congratulations

    മറുപടിഇല്ലാതാക്കൂ
  2. " ജീവിതം ഒരു അനുഗ്രഹമാ.,.അത് നമുക്ക് വെറുതെ ഇല്ലാതാക്കി കളയാനുള്ളതല്ല . .ആയിരം പ്രശ്നങ്ങള്‍ അതിജീവിച്ചാ ഞാന്‍ ഇവിടം വരെ എത്തിയത്... ജീവിതത്തില്‍ ഒന്നിനെയും പേടിക്കരുത്..മനസ്സ് വെച്ചാല്‍ മാറാത്ത ഒരു പ്രശ്നവുമില്ല... wonder full words

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു