ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലാഭം തിരയുന്നവർ. നോവൽ. അധ്യായം നാല്.

   വെയിലിന് ചൂടേറി തുടങ്ങി.
   ശക്തമായ കാറ്റിൽ തെങ്ങോലകൾ ഇളകിയാടുന്നുണ്ടായിരുന്നു.   റോഡിൽ തിരക്കില്ലാത്തതിനാൽ,
അരുൺ വേഗത്തിൽ കാറോടിച്ചു.
ആന്റണി സൈഡ് സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
 വളരെ അകലത്തിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ വീതം ഉള്ള വിശാലമായ പരന്ന പ്രദേശങ്ങൾ അരുണിന് പുതുമയായിരുന്നു.
കമ്പത്ത് ബസ് സ്റ്റാൻഡിനരികിൽ,സെന്തിൽ എന്നൊരു തടിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മുരളീധരൻ പറഞ്ഞയച്ച ആളാണ്.
എണ്ണക്കറുപ്പുള്ള ശരീരം.കണ്ടാൽ ഒരു ഗുണ്ടയെ പോലെയുണ്ട്.എന്നാൽ,അയാൾ ചിരിച്ചപ്പോൾ നിഷ്കളങ്കനായ ഒരു ശിശുവിനെ പോലെ തോന്നി..
"അയ്യാ കാലൈ  ഉണ്ണാവുയില്ലാമൽ  നിങ്കളെ  കാത്തിരിക്കിറതു.."
അയാൾ കാറിന്റെ  പിൻ സീറ്റിൽ കയറി.
കുറെ ദൂരം പിന്നിട്ടപ്പോൾ,അയാൾ തോളിൽ തട്ടി.
"അങ്ക പാർക്ക..."
സെന്തിൽ വിരൽ ചൂണ്ടിയിടത്തു ഒരു കോൺക്രീറ്റു വീട് കണ്ടു.
മുറ്റത്തു ഒരു സ്കോർപിയോയും ട്രാക്ടറും കിടപ്പുണ്ട്.ഒരു എൻഫീൽഡ് ബുള്ളറ്റും.
ഒരു ടീ ഷർട്ടും കൈലിയും ഉടുത്തു മുരളീധരൻ നിൽക്കുന്നത് അരുൺ കണ്ടു.
മുടിയിഴകളിൽ നര വീണു തുടങ്ങിയിട്ടുണ്ട്.
" സാർ,സ്ഥലം എത്തി.."
അരുൺ ആന്റണിയെ തട്ടിയുണർത്തി.
അയാൾ കണ്ണു മിഴിച്ചു സെന്തിലിനെ നോക്കി.
സെന്തിൽ ഒരു ചിരി പാസ്സാക്കി.
ആന്റണി കാറിൽ നിന്നിറങ്ങി.
" മാർക്കറ്റ് ഒന്ന് പൊട്ടിയപ്പോ പേടിച്ചു പോയോ?"
മുരളീധരൻ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.
അരുൺ മടിച്ചാണെങ്കിലും നടന്ന സംഭവങ്ങൾ വിവരിച്ചു.
നിക്ഷേപകർക്ക് നഷ്ടം വന്നതും,അഹമ്മദ് ഇക്കയ്ക്കു സ്‌ട്രോക്ക്‌ വന്നതും,സുമേഷ് ആത്മഹത്യക്കു ശ്രമിച്ചതുമൊക്കെ.
"എല്ലാത്തിനും വഴിയുണ്ട്.എനിക്ക് അറിയാവുന്നതു ഞാൻ പറഞ്ഞു തരാം."
ഭക്ഷണം കഴിഞ്ഞപ്പോൾ,മുരളീധരൻ സെന്തിലിനെ കൊണ്ട് മുന്തിരി ജ്യൂസ് എടുപ്പിച്ചു.
"ഇത്രേം രുചിയുള്ള മുന്തിരി ജ്യൂസ് ഇന്നു വരെ കുടിച്ചിട്ടില്ല.."
ആന്റണി പറഞ്ഞു.
"ഇവിടുത്തെ വെള്ളത്തിന് പോലും മധുരമുണ്ട്.."
മുരളീധരൻ പറഞ്ഞൂ.
" മുരളിയേട്ടന്റെ ഫാമിലി ഇങ്ങോട്ടു വരില്ലേ.."
അരുൺ ചോദിച്ചു.
"രണ്ടു മാസത്തിലൊരിക്കൽ  ഞാൻ ഒറ്റയ്ക്ക് ഇങ്ങു വരും ..ഇപ്പോൾ സീസൺ ആയതു കൊണ്ടാ..അല്ലേൽ സെന്തിൽ കാര്യങ്ങൾ നോക്കി നടത്തിക്കോളും "
"തോട്ടം എവിടെയാ?"
"കുറെ അപ്പുറത്താ..വരുന്നോ..പത്ത് മിനിട്ടു നടക്കാനേ ഉള്ളൂ.."
മുരളീധരന് ഒപ്പം അവർ നടന്നു.
മുന്തിരിത്തോപ്പിൽ കുറെ സ്ത്രീകൾ മരുന്ന് തളിക്കുന്നുണ്ടായിരുന്നു
തൂണുകളിൽ നാട്ടി നിർത്തിയിരിക്കുന്ന മുന്തിരിപ്പടർപ്പുകളിൽ കടും ചുവപ്പു നിറമുള്ള മുന്തിരിക്കുലകൾ നിറഞ്ഞു കിടക്കുന്നു.
അവർ അതിനിടയിൽ കൂടി നടന്നു.
"ഇത് കുറെഏരിയ   ഉണ്ടല്ലോ..തോട്ടത്തിലൂടെ നടന്നിട്ടു തീരുന്നില്ലല്ലോ സാറേ .."
ആന്റണി ചെറുതായി കിതയ്ക്കാൻ തുടങ്ങി.
"ഇരുന്നുള്ള പണിയല്ലേ..അതാ ആന്റണിക്ക് ക്ഷീണം..മൊത്തം നടന്നാൽ,അരുണും തളരും..എഴുപത്തഞ്ചു ഏക്കറുണ്ടേ.."
മുരളീധരൻ ചിരിച്ചു.
"എഴുപത്തഞ്ചു ഏക്കറോ...?"
അരുൺ അവിശ്വനീയതയോടെ മുരളിയെ നോക്കി.
"എന്താ,ഞെട്ടിയോ? എന്നാൽ,മറ്റൊന്ന് കൂടി പറയാം..ഇതൊക്കെ ഞാൻ പൂർണ്ണമായും ഷെയർ മാർക്കറ്റിൽ നിന്ന് ഉണ്ടാക്കിയതാ.."
അരുൺ തന്റെ കയ്യിൽ നുള്ളി നോക്കി.
കേട്ടത് സത്യമാണോ എന്നറിയാൻ.
കഴിഞ്ഞ അഞ്ചു വർഷത്തെ ജോലിക്കിടയിൽ,ആയിരത്തോളം നിക്ഷേപകരെ പരിചയപ്പെട്ടിട്ടുണ്ട്.
ഓഹരി വിപണി വഴി ഇത്രയും വലിയ നേട്ടം ഉണ്ടാക്കിയ മറ്റൊരാളെ കണ്ടിട്ടില്ല.
"നിങ്ങള് വന്നത് ശരിയായ സ്ഥലത്തു തന്നെയാ..പക്ഷെ,ഇത്രേം വലിയ ഒരു കാര്യത്തെക്കുറിച്ചു  ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറ്റില്ല.എന്റെ വിപണിയിലെ  അനുഭവങ്ങൾ മുഴുവൻ കേട്ടു കഴിയുമ്പോൾ നിങ്ങള്ക്ക് കുറച്ചൊക്കെ മനസ്സിലാവും.."

മുരളീധരൻ തന്റെ കഥ പറഞ്ഞു തുടങ്ങി:
"ഇരുപതു വര്ഷം മുൻപ്,വളരെ യാദൃശ്ചികമായാണ് ഞാൻ ഷെയർ മാർക്കറ്റിൽ എത്തുന്നത്.
ഞാൻ ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ഡിഗ്രി കഴിഞ്ഞപ്പോൾ  അച്ഛൻ  എന്നെ ബോംബെയിലുള്ള അമ്മാവന്റെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു.
കൊളാബയിലുള്ള ബില്ലിമോറിയ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു അമ്മാവൻ.
എനിക്ക് ആ കൺസ്ട്രക്ഷൻ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്താൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
ഒരു മാസം കഴിഞ്ഞപ്പോൾ,ഒരു ഷെയർ ബ്രോക്കറുടെ ഓഫീസിൽ ട്രെയിനിയായി അവസരം ഉണ്ടെന്നറിഞ്ഞു ബയോഡാറ്റ കൊടുത്തു.
ജോലി കിട്ടി.
ഇടപാടുകാരുടെ പേപ്പർ ഓഹരികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ജോലികൾ ആയിരുന്നു ഓഫീസിൽ നടന്നിരുന്നത്.
അന്ന്,ഓൺലൈൻ ട്രേഡിങ്ങ് ഇല്ല.
എക്സ്ചേഞ്ച് ഫ്ലോറിൽ  വിളിച്ചു പറഞ്ഞു നടത്തുന്ന വ്യാപാരം ആണ്.
പല ഇടപാടുകാർക്കും ഫ്ലോറിൽ നടക്കുന്ന വില അറിയാൻ കഴിയില്ല.
ഓരോ ദിവസവും അവസാനിക്കുന്ന വില എക്സ്ചേഞ്ച് പ്രസിദ്ധീകരിക്കും.അത് ബ്രോക്കർമാർക്കു മാത്രമേ ലഭിച്ചിരുന്നുള്ളൂ താനും.
അങ്ങനെയിരിക്കെ,ഞാൻ ഞങ്ങളുടെ കമ്പനിയിലെ ജോബറെ പരിചയപ്പെട്ടു.
മിലിന്ദ് ഷാ.
കമ്പനിക്കു വേണ്ടി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ട്രേഡിങ് ഫ്ലോറിൽ പോകുന്നത് അദ്ദേഹമാണ്.
മഹാരാഷ്ട്രയിലെ  വലിയ പണക്കാരും, സ്ഥാപനങ്ങളും ഒക്കെയായിരുന്നു ഇടപാടുകാർ.
മിലിന്ദ് ഷായ്ക്ക് അവിടെയുള്ള മറ്റു ജീവനക്കാരേക്കാൾ പല മടങ്ങു വരുമാനം ഉണ്ടായിരുന്നു.എങ്കിലും,യാതൊരു അഹന്തയുമില്ലാതെയായിരുന്നു പെരുമാറ്റം.
അയാൾക്ക് വിപണിയുടെ രഹസ്യങ്ങൾ അറിയാമെന്നു എനിക്ക് തോന്നി.
ഒരു ദിവസം കൗതുകത്തിന്,ഞാൻ ചോദിച്ചു:
"സാബ്,കാശുണ്ടാക്കാൻ ഉള്ള വഴി എനിക്ക് കൂടി പറഞ്ഞു തരുമോ?"
"അരേ മദ്രാസീ, യേ നരം ദിൽവാലെ ലോഗോൺ കേലിയേ  നൗകരീ നഹീം ..യഹ്  മുഷ്കിൽ  ഔർ  ബഹാദൂർ  ലോഗോൺ  കേ  ലിയേ ഹേ.."
ഇത് തരള ഹൃദയം ഉള്ളവർക്കുള്ള പണിയല്ല ,ധൈര്യവും കടുപ്പവും ഉള്ള ആളുകൾക്കുള്ളതാണെന്ന്..."

മുരളീധരൻ ഒന്ന് നിറുത്തി.എന്നിട്ട്,അരുണിനെയും ആന്റണിയെയും സൂക്ഷിച്ചു നോക്കി.
"എനിക്ക് നിങ്ങളോടും പറയാനുള്ളത് ഷാ എന്നോട് പറഞ്ഞത് തന്നെയാണ് ചങ്കൂറ്റം ഇല്ലാത്തവർക്കുള്ള പണിയല്ല ഇത്.."
"ചങ്കൂറ്റം ഉണ്ട്.സാർ ഷായോട് എന്നിട്ട് എന്ത് മറുപടി പറഞ്ഞു..?"
അരുണിന് ആകാംഷ.
മുരളീധരന്റെ ചുണ്ടിൽ ചെറുചിരി വിടർന്നു:
"ഞാൻ ഷായോട് പറയുവല്ല.പ്രവർത്തിക്കുകയാ ചെയ്തത്.
വോളീബോൾ കളിച്ചു തഴമ്പിച്ച കൈ കൊണ്ട് ഞാൻ അയാളുടെ രണ്ടു  കൈയും പിടിച്ചു പിന്നിലേക്ക് തിരിച്ചു.
അയാൾക്ക്‌ തടുക്കാൻ നേരം കിട്ടിയില്ല.വേദന സഹിക്കാതെ  മിലിന്ദ് ഷാ കാലിന്റെ പെരുവിരലിൽ പൊങ്ങി.
"ആരാടോ മദ്രാസി?ഞാൻ നല്ല ഒന്നാന്തരം കുട്ടനാടൻ മലയാളിയാ..മുഷ്കിൽ ഔർ ബഹാദുർ..സംശയം ഉണ്ടോ ?"
"മലയാളി അച്ചാ ഹേ..മേരെ ഹാഥ് ചോട് ദീജിയെ.."
അയാൾ പുളഞ്ഞു.
ഞാൻ മെല്ലെ പിടി അയച്ചു.
അയാൾ കുറച്ചു നേരം എന്നെ അമ്പരപ്പോടെ നോക്കി.
" തമാശ ഹേ ദോസ്ത്..നമുക്ക് ഒരു ബോംബിൽ ഫ്രൈ കഴിക്കാം."
ഞാൻ ചിരിച്ചുകൊണ്ട് അയാളെ ചേർത്ത് പിടിച്ചു.
അയാൾക്ക് ബോംബെ ഡക്ക് എന്നറിയപ്പെടുന്ന മീനിന്റെ ഫ്രൈ വലിയ ഇഷ്ടമാണെന്നു എനിക്കറിയാമായിരുന്നു.
ഞങ്ങൾ ഓഫീസിനടുത്തുള്ള ഹോട്ടലിൽ പോയി വയറു നിറയെ ചപ്പാത്തിയും ബോംബിൽ ഫ്രൈയും കഴിച്ചു.
മിലിന്ദ് ഷായ്ക്ക്  സന്തോഷമായി.
അയാൾ എനിക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ കളികളെക്കുറിച്ചു പറഞ്ഞു തരാൻ തുടങ്ങി.
മിലിന്ദ് ഷാ നിക്ഷേപിക്കാറില്ല.ജോബിങ് മാത്രമേ ഉള്ളൂ.
വിൽക്കാനുള്ളവരിൽ നിന്ന് ഓഹരികൾ വാങ്ങിയിട്ട് തന്റെ ലാഭം കൂടി ചേർത്ത് ആവശ്യക്കാർക്ക് വിൽക്കുകയാണ് അയാൾ ചെയ്യുന്നത്.മിക്കവാറും രാവിലെ കിട്ടുന്ന ഓഹരികൾ വൈകുന്നേരത്തോടെ വിറ്റു കഴിയും.
അയാൾക്ക് സ്ഥിരം ഇടപാടുകാർ ഉണ്ട്.
ഞങ്ങളുടെ ബ്രോക്കിങ് കമ്പനിയുടെ എം.ഡിയായ  ദീപക്ക് ദേശായിയാണ് അയാളുടെ സ്പോൺസർ.
"നിനക്ക് ജോബർ ആവണോ ?"
മിലിന്ദ് ഷാ ചോദിച്ചു.
"വേണ്ട,എനിക്ക് ഇൻവെസ്റ്റർ ആയാ മതി."
"അതിനു നിന്റെ കയ്യിൽ കാശുണ്ടോ?കയറാൻ പോകുന്ന ഓഹരികൾ കണ്ടു പിടിക്കാൻ അറിയുമോ?"
"ഷായ്ക്ക് അറിയാമല്ലോ..എനിക്ക് പറഞ്ഞു തന്നാൽ മതി.ലാഭത്തിന്റെ ഇരുപതു ശതമാനം തന്നേക്കാം.."
മിലിന്ദ് ഷാ ഉറക്കെ ചിരിച്ചു:
"യൂ ആർ ടൂ സ്മാർട്ട്...ബട് ഐ ലൈക്ക് യൂ.."
ഒരു വര്ഷം കടന്നു പോയി.
ഞാൻ ചെലവ് കഴിഞ്ഞു മിച്ചം കിട്ടുന്ന തുകയ്ക്ക് പേപ്പർ ഓഹരികൾ വാങ്ങിക്കൊണ്ടിരുന്നു.അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ ഓഹരികൾ  വാങ്ങാൻ ഷാ പറഞ്ഞു.ഞാൻ അത് അനുസരിച്ചു.
നിക്ഷേപിക്കാൻ എങ്ങനെ കൂടുതൽ കാശുണ്ടാക്കുമെന്നായി അടുത്ത ചിന്ത.
തന്റെ സഹായിയായി വന്നാൽ കമ്മീഷൻ തരാമെന്നു മിലിന്ദ് ഷാ വാഗ്‌ദാനം ചെയ്തു.
അയാൾ ഞങ്ങളുടെ എം.ഡി ദേശായിയോട് അനുവാദം വാങ്ങി മിക്കവാറും എന്നെ എക്സ്ചേഞ്ചിൽ ഒപ്പം കൊണ്ടുപോകാൻ തുടങ്ങി.
എക്സ്ചേഞ്ചിലെ തിരക്ക് കഴിഞ്ഞ് മൂന്നു മണിയോടെ  ഓഫീസിലെത്തി  രാത്രി ഒൻപതു മണി വരെ  പേപ്പർ ഓഹരികളുടെ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യുമായിരുന്നു.
അങ്ങനെ,രണ്ടു വരുമാനം ആയപ്പോൾ എനിക്ക് കുറേക്കൂടി നന്നായി നിക്ഷേപിക്കാൻ കഴിഞ്ഞു.
വീഡിയോ കോണിന്റെയും സ്റ്റെർലൈറ്റിന്റെയുമൊക്കെ ഓഹരികൾ ഞാൻ വാങ്ങി കൂട്ടി.
അവയുടെ വില സ്ഥിരമായി ഉയരുന്നത് കണ്ട് എനിക്ക് സന്തോഷമായി.ഞാൻ മിലിന്ദ് ഷായോട് നന്ദി പറഞ്ഞു.
" അരേ ഭായീ,ഇതൊന്നും എന്റെ മാത്രം മിടുക്കല്ല.ഗ്രോ മോർ കമ്പനിയുടെ റിസർച്ചാണ് ഞാൻ ഫോളോ ചെയ്യുന്നത്.കയറാൻ പോകുന്ന ഓഹരികൾ കണ്ടു പിടിക്കാൻ അതിന്റെ എം.ഡിയ്ക്ക് പ്രത്യേക കഴിവുണ്ട്.നമുക്ക് കിട്ടാത്ത ഇൻസൈഡർ ഇൻഫർമേഷൻ അദ്ദേഹം സംഘടിപ്പിക്കും.അദ്ദേഹം ഇൻവെസ്റ്റ് ചെയ്യുന്ന കമ്പനികൾ ആണ് ഞാൻ നിനക്ക് തരുന്നത്.."

"അത്ര സമർത്ഥനായ ഒരാളെ എനിക്കിതുവരെ കാണാൻ പറ്റിയില്ലല്ലോ.."

"മെഹ്ത സാബ് ആരാണെന്നാ നിന്റെ വിചാരം?നമ്മൾ വിചാരിച്ചാലൊന്നും അങ്ങനെ പെട്ടെന്ന് കാണാൻ പറ്റില്ല.വലിയ കമ്പനികളുടെ പ്രമോട്ടര്മാരുമായും, ബാങ്കുകളുടെ ചെയർമാന്മാരുമായും,  കേന്ദ്ര മന്ത്രിമാരുമായും ഒക്കെ  വളരെ അടുപ്പം ഉള്ള  ആളാണ്.വേർലിയില് കടലിനു അഭിമുഖമായി,ഗോൾഫ് കോഴ്‌സും സ്വിമ്മിങ് പൂളുമുള്ള  പതിനയ്യായിരം അടിയുള്ള ബംഗ്ളാവിൽ ആണ് താമസിക്കുന്നത്.നിരവധി ആഡംബര കാറുകൾ ഉണ്ട്.ഓരോ ദിവസവും അദ്ദേഹം  ഇൻവെസ്റ്റ് ചെയ്യുന്നത് ലക്ഷങ്ങൾ അല്ല,കോടികൾ ആണ്.ഞാൻ പോലും വളരെ ചുരുക്കമായെ നേരിൽ  കണ്ടിട്ടുള്ളൂ.ഹിന്ദി സിനിമയ്ക്ക് അമിതാഭ് ബച്ചൻ ആരാണോ,അണ്ടർ വേൾഡിനു ദാവൂദ് ഇബ്രാഹീം ആരാണോ,അത് പോലെയാണ്  ഷെയർ മാർക്കറ്റിനു മെഹ്ത സാബ്."
ഞാൻ നിശബ്ദം കേട്ടിരുന്നു.
എനിക്ക് ലാഭം നേടിത്തരുന്നതു   മിലിന്ദ് ഷാ അല്ല.
ഗ്രോ മോർ കമ്പനിയുടെ ഗവേഷണം ആണ്.
ആ കമ്പനിയുടെ എം.ഡി.യെ നേരിൽ കാണാൻ എന്നെങ്കിലും അവസരം കിട്ടുമോ?
മാസങ്ങൾ കടന്നുപോയി.
ഞാൻ വീണ്ടും പല കമ്പനികളുടെയും ഓഹരികൾ വാങ്ങിക്കൊണ്ടിരുന്നു.
എല്ലാം വൻ ലാഭത്തിലാണ്.
അങ്ങനെയിരിക്കെ,ഒരു ദിവസം മിലിന്ദ് ഷാ എന്നെ വിളിച്ചു കൊണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുറത്തേക്കു പാഞ്ഞു.
"ക്യാ ഹേ,ഭായ് ?" ഞാൻ ചോദിച്ചു.
"സബ്സെ ബഡാ ഖിലാഡി..
ഭാരതീയ ബാസാർ കാ ബിഗ് ബുൾ.."
മിലിന്ദ് ഷാ എക്സ്ചേഞ്ചിന്റെ പുറത്തേക്കു വിരൽ ചൂണ്ടി.
അസംഖ്യം  ആളുകൾ ഓടിക്കൂടുന്നത് കണ്ടു.
കടും ചുവപ്പു നിറമുള്ള പുതിയ ടൊയോട്ട ലെക്സസ് കാറിൽ നിന്ന് ഗ്രേ  കളർ കോട്ടണിഞ്ഞ  ഒരാൾ പുറത്തേക്കിറങ്ങുന്നു.അയാൾ തന്റെ കൂളിംഗ് ഗ്ലാസ്സ് മുകളിലേക്ക് ഉയർത്തിക്കൊണ്ട് എല്ലാവരെയും കൈ വീശി കാണിക്കുന്നു.
മലയാള സിനിമാ നടനായിരുന്ന ജയനെ പോലെ തോന്നി.
"ബിഗ് ബുൾ.."
വലിയ ആരവം കേട്ടു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വൻ ബ്രോക്കർമാരടക്കം അയാളെ എതിരേൽക്കുന്നു.
ഉയർന്ന ശിരസ്സോടെ,തടുക്കാനാവാത്ത ആത്മ വിശ്വാസത്തോടെ
 അയാൾ എക്സ്ചേഞ്ചിന്റെ പടികൾ ചവിട്ടി വരുന്നു.
"മെഹ്ത സാബ്." മിലിന്ദ് ഷാ മന്ത്രിച്ചു.
ഹർഷദ് ശാന്തിലാൽ മെഹ്ത !

- ( തുടരും )-

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു