ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അധ്യായം ആറ്. ലാഭം തിരയുന്നവർ.നോവൽ.

അരുൺ കൗതുകത്തോടെ മുരളീധരന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
താൻ അറിഞ്ഞതിനേക്കാൾ എത്രയോ വലിയവനാണ് ഈ മനുഷ്യൻ!
വിപണിയിലെ രണ്ടര ദശകങ്ങളുടെ അനുഭവ സമ്പത്ത് പകർന്നു കിട്ടുന്നതിനേക്കാൾ വലിയ സമ്മാനമുണ്ടോ?അതും അനിശ്ചിതത്വത്തിൽ ഉഴറുന്ന വേളയിൽ.
"ആ പുസ്തകങ്ങളിലെ ആശയങ്ങൾ മൂലം  ആണോ മുരളിയേട്ടന് ഇത്രേം ലാഭം ഉണ്ടായത്?
അവൻ ചോദിച്ചു.

"തീർച്ചയായും അരുൺ.. ഗ്രഹാമിന്റെ ആശയങ്ങൾ മനസ്സിലാക്കിയപ്പോൾ ഓഹരികളോടുള്ള സമീപനം മാറി.ലാഭത്തിനു വേണ്ടി പരക്കം പായുന്നതിലും മുഖ്യം നമ്മുടെ പണം നഷ്ടപ്പെടുത്താതിരിക്കലാണ്.എന്നാൽ പലരും ഇതേക്കുറിച്ചു ചിന്തിക്കാറില്ല.ആദ്യമൊക്കെ ഞാനും അങ്ങനെയായിരുന്നു.നല്ല കമ്പനികളിൽ വിലയിടിവ് അവസരമാണ്.കുത്തനെയുള്ള വിലക്കയറ്റം ആകട്ടെ  ആപൽക്കരവും.."

"തൊണ്ണൂറിലെ കയറ്റം കുത്തനെ ആയിരുന്നു അല്ലെ ?"

"അതെ.ബെഞ്ചമിൻ ഗ്രഹാമിന്റെ പുസ്തകം വായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരു കടക്കാരനായി മാറിയേനെ.യഥാർത്ഥ മൂല്യത്തോട് ചേർന്ന് നിൽക്കുന്ന ഓഹരികളിൽ താരതമ്യേന  റിസ്ക് കുറവായിരിക്കും.വീണ്ടും ഇടിയാനുള്ള സാധ്യത അവയിൽ കുറവാണ്.മാർജിൻ ഓഫ് സേഫ്റ്റി എന്നാണു ഗ്രഹാം ഇതിനെ വിളിച്ചത്.
നല്ല കമ്പനികളിൽ വിലത്തകർച്ച ഉണ്ടാകുമ്പോൾ അത് നാം ഉപയോഗപ്പെടുത്തണം.
നിക്ഷേപിക്കേണ്ട കമ്പനിയുടെ യഥാർത്ഥ മൂല്യം മനസ്സിലാക്കുകയാണ്  ആദ്യം ചെയ്യേണ്ടത്."

"അതെങ്ങനെ?"

ഒരു കമ്പനിയുടെ എല്ലാ ബാധ്യതകൾക്കും ശേഷമുള്ള അറ്റ ആസ്തിയാണ് അതിന്റെ യഥാർത്ഥ മൂല്യം.അതിനെ മൊത്തം ഓഹരികൾ കൊണ്ട് ഭരിക്കുമ്പോൾ കിട്ടുന്നതാണ് ഒരു ഓഹരിയുടെ ശരിയായ മൂല്യം.
ഇന്ട്രിൻസിക് വാല്യൂ എന്നാണു ഇത് അറിയപ്പെടുന്നത്."

"അത്തരം ഓഹരികൾ വാങ്ങാൻ കിട്ടുമോ? മിക്കവയും വളരെ വലിയ വിലയിൽ അല്ലെ കച്ചവടം നടക്കുന്നത്?"

"അത് വിപണിയുടെ സ്വഭാവം ആണ്.മിസ്റ്റർ മാർക്കറ്റ് എന്നായിരുന്നു ബെഞ്ചമിൻ ഗ്രഹാം  വിളിച്ചത്.
ചിലപ്പോൾ അത് നിങ്ങളുടെ സുഹൃത്താണ്.മറ്റു ചിലപ്പോൾ,ശത്രുവും.ഏതെങ്കിലും ഓഹരികൾ ഏതെങ്കിലുമൊക്കെ വിലയ്ക്ക് വാങ്ങുന്ന രീതി പാടില്ല..!
പി.ഇ റേഷ്യോ എന്താണെന്ന് അരുണിന് അറിയാമല്ലോ. കമ്പനിയുടെ ഒരു ഓഹരിക്കു കിട്ടുന്ന അറ്റ ലാഭവും ഓഹരി വിലയും തമ്മിൽ ഉള്ള അനുപാതം.
പി ഇ നിലവാരം ഇരുപത്തഞ്ചിൽ കൂടുതലായാൽ  റിസ്ക്‌ വർധിക്കുമെന്നാണ്  അദ്ദേഹം പറഞ്ഞിട്ടുള്ളത്."

" വലിയ കമ്പനികളുടെ പി ഇ വളരെ കൂടുതൽ ആണല്ലോ.."

"ശരിയാണ്..എന്നാൽ അവയിൽ ഏതു സമയത്തും ഇടിവ് പ്രതീക്ഷിക്കാം..വാല്യൂ ആകർഷകമായ കമ്പനികളിൽ ഉടനെയല്ലെങ്കിലും വിലയിൽ പുരോഗതി ഉണ്ടാകുമെന്നു കരുതാം..റിസ്ക്‌ കുറവാണെന്നതാണ് ഗ്രഹാമിന്റെ ആശയങ്ങളുടെ  പ്രാധാന്യം .വലിയ നിക്ഷേപകരായ വാറൻ ബഫറ്റ്‌,ചാർളി മംഗർ,ഇർവിൻ കാൻ,വാൾട്ടർ സ്‌ക്‌ളോസ് എന്നിവരൊക്കെ ഗ്രഹാമിന്റെ തത്വങ്ങൾ വിജയകരമായി പിന്തുടർന്നവരാണ്.."

"മുരളീധരൻ സാറോ ? "
ആന്റണിയുടേതായിരുന്നു ചോദ്യം.

"ഞാനും കുറെയൊക്കെ പരീക്ഷിച്ചിരുന്നു.ഗുണം കിട്ടിയിട്ടുമുണ്ട്.എന്നാൽ,പെട്ടെന്ന് ലാഭമെടുക്കാൻ നിക്കോളാസ്  ഡർവസിന്റെ ടെക്നിക്കുകളാണ് സഹായകരമായത്.ആറോ എട്ടോ മാസത്തിനിടയിൽ നേട്ടം കിട്ടുന്ന ചില തന്ത്രങ്ങളിൽ അദ്ദേഹം മിടുക്കനായിരുന്നു."

"ആദ്യത്തെ ടെക്‌നോ ഫണ്ടമെന്റലിസ്റ് എന്ന് അറിയപ്പെട്ട ആളല്ലേ?"
അരുൺ ചോദിച്ചു.

"അതെ.വാല്യൂ ഇൻവെസ്റ്റിംഗിൽ ലാഭം വരാനുണ്ടാകുന്ന കാല താമസം മടുത്താണ് സ്വന്തമായ രീതികൾ അദ്ദേഹം കണ്ടെത്തിയത്.ചില ഓഹരികളിൽ നഷ്ടം ഉണ്ടായതിനെ തുടർന്ന്, ക്ലബ് ഡാന്സറായിരുന്ന അദ്ദേഹം ഇരുന്നൂറോളം ഓഹരി അനുബന്ധ പുസ്തകങ്ങൾ വായിക്കുകയും അതൊക്കെ പരീക്ഷിക്കുകയും ചെയ്തു.ഒടുവിൽ മൊമെന്റം കണ്ടെത്തി നിക്ഷേപിക്കുക എന്ന ആശയത്തിലെത്തി.അനങ്ങാതെ കിടക്കുന്ന ഓഹരികളിൽ പൊടുന്നനെയുണ്ടാകുന്ന കുതിപ്പ് കണ്ടെത്താൻ ചാർട്ടുകളിൽ ബോക്സ് വരച്ചുള്ള ടെക്നിക്കുകൾ  ഉപയോഗിച്ചു.ഡർവസ് ബോക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്.ഉയർന്ന വോളിയം പൊടുന്നനെ ഉണ്ടാകുമ്പോൾ പ്രയോജനപ്പെടുത്തണമെന്നാണ് ഡർവസിന്റെ വാദം.പുതിയ ഉയരങ്ങൾ എത്തുന്ന ഓഹരികളിലെ ഹൃസ്വ കാല സാധ്യതകൾ ഉപയോഗിക്കുന്ന വഴിയാണ് അത്.."

"അതും മുരളിയേട്ടൻ ഉപയോഗിച്ചോ.?"

"തീർച്ചയായും.തുടക്ക കാലത്തു മൂലധനം വർധിപ്പിക്കാൻ ഞാൻ ഏറ്റവും ഉപയോഗിച്ചത് ഡർവസ് ട്രേഡിങ്ങ് സിസ്റ്റം ആണ്.."
"മറ്റൊരാളുടെ പുസ്തകവും മുരളിയേട്ടനെ സ്വാധീനിച്ചതായി പറഞ്ഞല്ലോ.."

"ഫിലിപ്പ് ഫിഷർ...!
ആനുവൽ റിപ്പോർട്ടിനും  അപ്പുറത്തു മാനേജുമെന്റും കസ്റ്റമേഴ്സും എതിർ കമ്പനികളും ഒക്കെ നമ്മുടെ അനാലിസിസിനു വേണ്ടി ഉപയോഗിക്കപ്പെടണം.ഇൻഫർമേഷൻ ശരിയായ രീതിയിൽ ലഭിക്കാനുള്ള വഴികൾ തേടണം.വലിയ ഇടിവുകളിൽ നന്നായി പണമിറക്കണം.കുറച്ചു ഓഹരികളിൽ മാത്രം നിക്ഷേപിക്കുക.ഭയത്തിനു കീഴ്പ്പെട്ടു ഓഹരികൾ വിൽക്കരുത്.നന്നായി വളരുന്ന സെക്ടറുകളിൽ നിക്ഷേപിക്കുക.പി.ഇ മാത്രം നോക്കിയാൽ കമ്പനിയുടെ ഭാവി പുരോഗതി അറിയാൻ കഴിയില്ല.ബിസിനസ്സിന്റെ ഭാവി സാധ്യതകൾ മുൻ‌കൂർ മനസ്സിലാക്കണം.ഇങ്ങനെ പ്രായോഗികമായ രീതികൾ ഞാൻ പഠിച്ചത് ഫിഷറിന്റെ ആശയങ്ങൾ വഴിയാണ്.."

"ഗ്രഹാം  പറയുന്നതല്ല ഡർവസ് പറയുന്നത്.ഫിഷർ പറയുന്നത് ആകട്ടെ മറ്റൊന്നും.."
ആന്റണി പറഞ്ഞു.

"ശരിയാണ്.വിജയത്തിന് പല വഴികൾ ഉണ്ട്.തനിക്കിണങ്ങുന്നതു ഓരോരുത്തരും സ്വീകരിക്കുന്നു. ഏതു മാർഗം സ്വീകരിച്ചാലും നഷ്ടമൊഴിവാക്കി ലാഭം നേടുക എന്നതാണ് പ്രധാനം.."

"മേഹ്തയുടെ ബുൾ റാലിയിൽ ഒത്തിരി ലാഭം കിട്ടിയോ?"

"കിട്ടി.പക്ഷെ അത് നഷ്ടപ്പെടുത്താതിരിക്കാൻ എന്നെ സഹായിച്ചത് ഈ രചയിതാക്കൾ ആണ്.."
മുരളീധരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു:

"നിങ്ങള്ക്ക് ഇവിടെയിരുന്ന് മടുത്തെങ്കിൽ നമുക്ക്  പുറത്തേക്കൊന്നു ഇറങ്ങിയിട്ട് വരാം.."
ആന്റണി വലിയ താല്പര്യമില്ലാത്ത മട്ടിൽ ഇരുന്നു.
മുരളീധരൻ സ്കോർപിയോ തിരിച്ചു.
അരുൺ ഒപ്പം കയറി.
"സാർ വരുന്നില്ലേ ?"
അവൻ ആന്റണിയെ നോക്കി.
"വരണമെങ്കിൽ വരാം.."
ആന്റണി കോട്ടുവായിട്ടുകൊണ്ട് ഇറങ്ങി വന്നു.
അയാൾ പിൻസീറ്റിൽ ഇരുന്നു.
കാർ നീങ്ങി.
"എവിടേക്കാ?"
സുരുളിപ്പട്ടി ആയപ്പോൾ ആന്റണി ചോദിച്ചു.
"ആന്റണി സാറിന്റെ ഉറക്കം മാറ്റാൻ കൊണ്ടു പോവാണ്.."
മുരളീധരൻ ചിരിച്ചു.
"വല്ല കാട്ടിലേക്കുമാണോ? എനിക്ക് പുലിയേം സിംഹത്തെയുമൊക്കെ പേടിയാ.."
അരുൺ പറഞ്ഞു.
കുറേദൂരം ഓടിക്കഴിഞ്ഞപ്പോൾ കാർ നിന്നു.
മുരളീധരൻ ഇറങ്ങി.
വലിയ ഒച്ചയിൽ എന്തോ നിപതിക്കുന്നതു പോലെ.
അരുൺ പുറത്തേക്കു നോക്കി.അവന്റെ കണ്ണുകൾ വിടർന്നു.
വെള്ളച്ചാട്ടം.
മൂവരും വെള്ളച്ചാട്ടത്തിനരികിലേക്കു നടന്നു.

"ഇതാണ് സുരുളി വാട്ടർ ഫാൾസ് .."
മുരളീധരൻ പറഞ്ഞു.

"എടുത്തു ചാടാൻ തോന്നുന്നു.നല്ല തണുപ്പായിരിക്കും ."
അരുൺ ആവേശത്തോടെ പറഞ്ഞു.

"അപ്പോൾ ബാക്കി കഥ കേൾക്കണ്ടെ?"
മുരളീധരൻ ചോദിച്ചു.
"ഹർഷദ് മെഹ്ത്തയെക്കുറിച്ചു ഞാൻ കുറെ വായിച്ചിട്ടുണ്ട്.."
ആന്റണി പറഞ്ഞു.

"ഇത് മേഹ്തയുടെ കഥയല്ലല്ലോ..എന്റെയും മിലിന്ദ് ഷായുടെയും പൂനം കപൂറിന്റെയുമൊക്കെ കഥയല്ലേ?"
"പൂനം കപൂർ..ആ സുന്ദരി ജേണലിസ്റ്റല്ലേ .ഷിഫോൺ സാരിയുടുത്ത,ബോബ് ചെയ്ത പെണ്ണ് ..അവൾ ഇപ്പോൾ എവിടെയാ ?"
ആന്റണിയുടെ മുഖത്ത് കൗതുകം നിറഞ്ഞു.
"സാറ് ഒന്നടങ്ങു്..മുരളിയേട്ടൻ പറയും.."
"ത്രിലോക സുന്ദരിയായ ആ  കാന്താരിയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്.."
മുരളീധരൻ വെള്ളച്ചാട്ടത്തിലേക്ക് ഉറ്റുനോക്കി.അവിടെ ഇരച്ചു വീഴുന്നത് തന്റെ ഓർമ്മകളാണെന്നു അയാൾക്ക് തോന്നി.

- തുടരും -

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...

പുതിയ നിക്ഷേപകര്‍ അറിയാന്‍