ഇന്ത്യൻ വിപണിയെ സംബന്ധിച്ച്,ഏറ്റവും മികച്ച വര്ഷങ്ങളിൽ ഒന്നായി രണ്ടായിരത്തി പതിനേഴു മാറിയിരിക്കുന്നു. ആഗസ്ത്,സെപ്റ്റംബർ മാസങ്ങളിലായി നാലര ശതമാനത്തിൽ താഴെ മാത്രമുള്ള ചെറിയ തിരുത്തലുകൾ നിഫ്റ്റി സൂചികയിൽ ഉണ്ടായെങ്കിലും,ആഴ്ചകൾക്കകം തന്നെ തിരിച്ചു വരവ് നടത്താൻ വിപണിയ്ക്കു കഴിഞ്ഞു.മുൻകൂർ തയ്യാറെടുപ്പുകളില്ലാതെ കഴിഞ്ഞ വർഷാവസാനം നടപ്പിലായ ഡീമോണിട്ടൈസേഷൻ മൂലമുണ്ടായ ഇടിവിൽ നിന്ന് ഫെബ്രുവരിയോടെ കര കയറുകയും ചെയ്തു.
നോട്ടു പിൻവലിക്കലിനെ തുടർന്ന്,ബാങ്കുകളിലേക്ക് പണം തിരിച്ചു വന്നതും, പലിശനിരക്കുകൾ കുറഞ്ഞതും മ്യുച്ച്വൽ ഫണ്ടുകളിലേക്കും,ഓഹരികളിലേക്കും പണമൊഴുകാൻ ഇടയാക്കി. ചെറുകിട നിക്ഷേപകർ കുറഞ്ഞ പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും , മാന്ദ്യം തുടരുന്ന വസ്തു കച്ചവടത്തിനും അപ്പുറത്തേക്ക് ചിന്തിച്ചത് വിപണിയ്ക്കു അനുഗ്രഹമായി .
രണ്ടായിരത്തി പന്ത്രണ്ടിന് ശേഷം ഉണ്ടായ ഇടിവിൽ നിന്ന് ഇനിയും കരകയറാൻ കഴിയാഞ്ഞത് സ്വർണനിക്ഷേപത്തിന്റെ തിളക്കവും നഷ്ടപ്പെടാൻ ഇടയാക്കി.അമേരിക്കൻ സമ്പദ് ഘടനയിലെ ഉണർവ്വിനെ തുടർന്ന്, മടങ്ങിയ വിദേശ നിക്ഷേപങ്ങളിൽ കുറെയൊക്കെ ജി.എസ്.ടി എന്ന ഏകീകൃത നികുതി ഉയർത്തിയ പ്രതീക്ഷകളെ തുടർന്ന് തിരികെയെത്തി.ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ മൂലം താൽക്കാലികമായി സമ്പദ് ഘടനയിൽ തിരിച്ചടികൾ ഉണ്ടായെങ്കിലും, വരും വർഷങ്ങളിൽ വലിയ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്നാണ് പ്രമുഖ ഗവേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 5.7
ശതമാനം മാത്രമുണ്ടായിരുന്ന വളർച്ചാനിരക്ക് രണ്ടാമത്തെ ക്വാർട്ടറോടെ 6.3
ശതമാനമായി മെച്ചപ്പെട്ടു.അഞ്ചു ക്വാർട്ടറുകളിലായി തുടർന്നു വന്ന മന്ദതയ്ക്കു ഇതോടെ മാറ്റം വന്നതായി കരുതുന്നു. ജി.എസ്.ടി നടപ്പിലായപ്പോൾ,വ്യാപാരി സമൂഹത്തിനുണ്ടായ അവ്യക്തതയും ആശങ്കകളും ജി.എസ്..ടി കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നടപ്പാക്കുന്നതിന് മുൻപ്,വ്യാപകമായി നടന്ന സ്റ്റോക്ക് ക്ലിയറൻസ് വില്പന ഇതിനു ഒരു കാരണമായി.ഈയിടെയായി, പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരേ പോലെ ഉപഭോഗത്തിന്റെ തോത് മെച്ചപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും,ഭവന നിർമാണ പദ്ധതികൾക്കും ഗവണ്മെന്റ് ഊന്നൽ നൽകുന്നത് ക്രമേണ കോർപറേറ്റുകളിൽ നിന്നും വലിയ തോതിലുള്ള മൂലധനം ആകര്ഷിക്കുമെന്നു കരുതുന്നു.'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കാര്യമായ ചലനമുണ്ടാനാവാതെ പോയ മാനുഫാക്ച്റിങ് സെക്ടറിൽ ഇക്കഴിഞ്ഞ ക്വാർട്ടറിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തിയത് നല്ല സൂചനയാണ്.കാർഷിക മേഖലയിൽ ഉള്ള മന്ദത ഇനിയും മാറാത്തത് ആശങ്കയായി തുടരുന്നു .പൊതുമേഖലാ ബാങ്കുകൾക്കുള്ള പാക്കേജ് പ്രഖ്യാപിച്ചതിനെ തുടർന്ന്,കിട്ടാക്കടം മൂലം തളർന്ന പബ്ലിക് സെക്ടർ ബാങ്കിങ്ങ് ഓഹരികളിൽ ഉണ്ടായ ഉണർവ്വിന് ആക്കം കൂട്ടാൻ വരാൻ പോകുന്ന ബാങ്ക് റപ്സി കോഡ് പരിഷ്കാരങ്ങൾക്ക് കഴിയുമെന്ന് കരുതുന്നു.
രാജ്യത്തെ പ്രധാന മേഖലകളിൽ വിദേശ മൂലധന നിക്ഷേപത്തിന്റെ പരിധി 100
ശതമാനമായി ഉയർത്തിയത് വിപണിയിലെ കുതിപ്പിനെ ഫലപ്രദമായി സ്വാധീനിച്ചിട്ടുണ്ട്.
2017-ലെ സമഗ്രമായ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പോളിസി വഴി ഡിഫൻസ്,ഫാർമസ്യൂട്ടിക്കൽസ്, ബ്രോഡ്കാസ്റ്റിംഗ് മേഖലകളിലാണ് കൂടുതൽ പരിഷ്കാരങ്ങൾ ഉണ്ടായത്. ബ്യൂറോക്രസിയുടെ സങ്കീര്ണതയില്ലാതെ വിദേശമൂലധന ലഭ്യത ഉറപ്പു വരുത്താൻ, ഫോറിൻ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ പോർട്ടൽ
(FIFP) എന്ന ഓൺലൈൻ ഏകജാലക സംവിധാനം നിലവിൽ വരുകയും,.ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ്
(FIPB) നിർത്തലാക്കി പ്രസ്തുത അധികാരം വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് വികേന്ദ്രീകരിക്കുകയും ചെയ്തു. പുതിയ എഫ്.ഡി.ഐ പോളിസി പ്രകാരം, വൻകിട ബ്രാൻഡുകളുടെ റീട്ടെയിൽ ചെയ്ൻ, വ്യോമയാനം ,മാനുഫാക്ച്ചറിംഗ്,നോൺ ബാങ്കിങ്ങ് ഫിനാൻഷ്യൽ സർവീസ് എന്നിവയിൽ വിദേശ മൂലധനത്തിന്റെ പരിധി ഉയർത്തിയിട്ടുണ്ട്.കൺവെർട്ടിബിൾ നോട്ട് വഴി സ്റ്റാർട്ടപ്പുകൾക്കും മൂലധന സമാഹരണം നടത്താം. ഇവയൊക്കെ ഈ വർഷത്തെ വിപണിയുടെ മുന്നേറ്റത്തിനു കാരണമായ ചില ഘടകങ്ങളാണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, മൂഡീസ് ഇൻവെസ്റ്റേർസ് സർവീസസ്(Moody's)
നവംബറിൽ ഇന്ത്യയുടെ റേറ്റിങ്ങ് സുസ്ഥിരമെന്നു സൂചിപ്പിച്ചുകൊണ്ട്
Baa3 യിൽ നിന്ന്
Baa2 വിലേക്കു ഉയർത്തിയതാണ്.സാമ്പത്തിക പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ അതിജീവിക്കാനുള്ള ഇലാസ്തികത ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നും,പുതിയ പരിഷ്കാരങ്ങൾ മൂലം കടബാധ്യത നിയന്ത്രിക്കാൻ കഴിയുമെന്നും അനുമാനിക്കപ്പെടുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ വളച്ചാനിരക്കു 7.7
ശതമാനമായി ഉയരുമെന്നാണ് നിഗമനം.ഭൂമി,തൊഴിൽ മേഖലകളിൽ കൂടി പരിഷ്കാരം നടപ്പിലാക്കാൻ കഴിഞ്ഞാൽ, ഇന്ത്യയുടെ റേറ്റിങ്ങ് വീണ്ടും ഉയർത്താനാവുമെന്നാണ് മൂഡീസിൻറെ റിപ്പോർട്ടിൽ പറയുന്നത്. നവംബറിലെ ജി.എസ്.ടി കൗൺസിൽ മീറ്റിങ്ങിൽ നൂറ്റി എഴുപത്തെട്ടു വസ്തുക്കളുടെ ജി.എസ് .ടി ഇരുപത്തെട്ടു ശതമാനത്തിൽ നിന്ന് പതിനെട്ടു ശതമാനമായി കുറച്ചതും,റെസ്റ്റോറണ്ടുകളുടെ നികുതി അഞ്ചു ശതമാനമായി പരിമിതപ്പെടുത്തിയതും ബിസിനസുകൾക്കും, ഉപഭോക്താക്കൾക്കും ആശ്വാസമായി.
നിലവിൽ ബിസിനസ് നടത്തിപ്പിനുള്ള സങ്കീർണതകൾ പരിഷ്ക്കരിക്കുകയാണ് സമ്പദ് ഘടനയുടെ സുഗമമായ പുരോഗതിയ്ക്ക് ആവശ്യമായ സംഗതി.കഴിഞ്ഞ മൂന്നു മാസങ്ങളിലായി വിപണിയിലുള്ള കൺസോളിഡേഷൻ മറികടക്കാൻ ഡിസംബർ ക്വാർട്ടറിൽ കോർപറേറ്റ് ഫലങ്ങളിൽ ഒരു മുന്നേറ്റം കൂടിയേ തീരൂ. ഉടൻ പുറത്തുവരാൻ പോകുന്ന ഗുജറാത്തു തിരഞ്ഞെടുപ്പ് ഫലവും നിർണായകമാകും.എങ്കിലും,ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ച്,വിപണിയിൽ സാധ്യതകൾ ഇപ്പോഴും നില നിൽക്കുന്നു .
(ലേഖകന്റെ ഫോൺ നമ്പർ : 9645954155
)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ