
ഓരോ കുടുംബത്തിനും ഒരു കാഷ്ഫ്‌ളോ സ്റ്റേറ്റുമെന്റ് ഉണ്ടാകണം. വാർഷിക വരവ്, വാർഷിക ചെലവ്, വാർഷിക മിച്ചം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കുടുംബത്തിലെ അംഗങ്ങളിൽ ഉണ്ടാക്കാൻ കഴിയണം. വാർഷിക വരവ് കൂട്ടുകയാണ് പുരോഗതിയുടെ ആദ്യ പടി.
മാസ ശമ്പളത്തെ മാത്രം ആശ്രയിച്ചാൽ വരുമാന വർധനയ്ക്ക് പരിമിതികൾ ഉണ്ടാകും. എന്നാൽ, പാർട് ടൈം ബിസിനസുകൾ, ഡിവിഡൻഡ് നിക്ഷേപങ്ങൾ എന്നിവ കൂടി ചെയ്യുന്നത് മെച്ചപ്പെട്ട വരുമാനത്തിന് സഹായിക്കും. വാർഷിക ചെലവ് മാത്രം അനിയന്ത്രിതമായി കൂടികൊണ്ടിരുന്നാൽ ഏതു പണക്കാരനും പാപ്പരായി മാറാം. വാർഷിക മിച്ചമാണ് നിക്ഷേപങ്ങളിലേക്കും, ചാരിറ്റിയിലേക്കുമൊക്കെ നീക്കി വെയ്ക്കപ്പെടേണ്ടത്.
കാൽക്കുലേറ്റഡ് റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് ബിസിനസ്സിലും, ഇക്വിറ്റിയിലും, കൊമേഴ്‌സ്യൽ പ്രോപ്പർട്ടിയിലുമൊക്കെ നിക്ഷേപിക്കാം. റിസ്ക് എടുക്കാൻ ഭയം ഉള്ളവർക്ക് മികച്ച റേറ്റിങ്ങ് ഉള്ള ഫിക്സഡ് ഡിപ്പോസിറ്റുകളിലും, ബാങ്കിങ്ങ് ആൻഡ് പി.എസ്.യു ഡെബ്റ്റ് ഫണ്ടുകളിലും പബ്ലിക് പ്രോവിഡന്റ് ഫണ്ടിലും നിക്ഷേപിക്കാം.
ഓരോ കുടുംബ ബജറ്റും തയാറാക്കേണ്ടത് കൂട്ടുത്തരവാദിത്തത്തോടെയാണ്. പുരുഷനും സ്ത്രീയ്ക്കും ഇതിൽ തുല്യ പങ്കാളിത്തം ഉണ്ടാവണം. ഓരോ കുടുംബത്തിനും ഒരു ബേസ് ഫോർമേഷൻ (Base formation) പീരിയഡ്, ബ്രേക്ക് ഈവൻ പോയന്റ് (Break even point), പ്രൊഫിറ്റ് ജെനറേഷൻ (Profit generation) പീരിയഡ്, ഇൻകം ഡിട്ടീറിയറേഷൻ (Income deterioration) പീരിയഡ് എന്നിവ ഉണ്ടാകും.
ആദ്യ ഘട്ടത്തിൽ ദമ്പതികൾ കുടുംബം കെട്ടിപ്പെടുക്കുന്ന തിരക്കിൽ ആയിരിക്കും. കരിയർ തുടക്കത്തിൽ വരുമാനം പൊതുവെ കുറവായിരിക്കും. കുടുംബത്തിൽ ഒരാൾക്ക് മാത്രമേ വരുമാനം ഉള്ളൂവെങ്കിൽ ആദ്യ ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടാം. സാമ്പത്തിക നേട്ടം ഉണ്ടാകുമ്പോൾ ചെറിയ ആഘോഷങ്ങൾ ആവാം.
സാമ്പത്തിക ദുരിതം ഉണ്ടാകുമ്പോൾ പരസ്പര പിന്തുണ നൽകാനും കഴിയണം. പകൽ ഉണ്ടെങ്കിൽ രാത്രിയും ഉണ്ടാകും.
കയറ്റമുള്ള പാതയുടെ മറു വശത്തു ഇറക്കമുണ്ടാകും.
ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവർ ആണെങ്കിൽ ബേസ് ഫോർമേഷൻ പീരിയഡ് എളുപ്പമാകും. വിവിധ ജീവിത ലക്ഷ്യങ്ങൾക്കുള്ള ലൈഫ് ഗോൾ പ്ലാനിങ്ങ് രൂപപ്പെടുത്തേണ്ടത് ഈ ഘട്ടത്തിലാണ്.
ഒരു വീട്ടിലേക്കുള്ള അടിസ്ഥാന കാര്യങ്ങൾ സ്വായത്തമാക്കി കഴിയുമ്പോൾ ആണ് ബ്രേക്ക് ഈവൻ പോയന്റ് എത്തി ചേരുന്നത്. വിവിധ ലോണുകളുടെ ഇ.എം.ഐ തുക മാസവരുമാനത്തിന്റെ പത്തു ശതമാനത്തിനു താഴേക്ക് എത്തിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. മൊത്തം കട ബാധ്യത വാർഷിക വരുമാനത്തിന്റെ അഞ്ചിലൊന്നായി പരിമിതപ്പെടുത്താനും കഴിയണം. കുറഞ്ഞ വരുമാനം ഉള്ളവർക്ക് ചിലപ്പോൾ ബ്രേക്ക് ഇവൻ പോയൻറ് എത്താൻ കൂടുതൽ സമയം എടുത്തേക്കാം. ജീവിതച്ചെലവുകൾ അനായാസമായി നടത്താനും, മിച്ചം പിടിക്കാനും, ഗോൾ പ്ലാനിങ്ങിനുള്ള ഫണ്ടിങ്ങ് ചെയ്യാനും കഴിയുന്നത് കഴിയുന്നത് ബ്രേക്ക് ഇവൻ ഘട്ടത്തിലായിരിക്കും.
സംരംഭകർക്കും സമയത്തിന്റെ ആനുകൂല്യം ആവശ്യമാണ്.
ഇത് ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ബ്രേക്ക് ഇവൻ എത്താനുള്ള കാലം വ്യത്യസ്തമായിരിക്കും
ഇത് മനസ്സിലാക്കി ജീവിതം നയിക്കുന്നവർക്ക് അനാവശ്യമായ അസ്വാരസ്യങ്ങൾ ഒഴിവാക്കാം.
അടിസ്ഥാന ജീവിത ലക്ഷ്യങ്ങൾക്കുള്ള പണം നേടിയതിനു ശേഷമുള്ള കാലം പ്രൊഫിറ്റ് ജെനറേഷൻ പീരിയഡ് ആയിരിക്കും. സീറോ ഡെബ്റ്റ് കമ്പനികളിലെന്നതു പോലെ കുടുംബങ്ങളിലെ കടം പൂർണ്ണമായും ഇല്ലാതാകുന്ന കാലഘട്ടം ആണിത്. സാധാരണക്കാർ നാല്പതു വയസ്സിനും അറുപത് വയസ്സിനും ഇടയിലായിട്ടാണ് ഈ സ്റ്റേജിൽ എത്തുന്നത്.
ഈ കാലഘട്ടം അമിത ധൂർത്തില്ലാതെ ഉപയോഗിക്കുന്നത് അനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തിൽ സുസ്ഥിരത ഉണ്ടാവുന്നത്.
അറുപത് വയസ്സിനു ശേഷം റിട്ടയർമെന്റ് പീരിയഡ് ആണ്. സാധാരണ ഗതിയിൽ ആളുകൾ ജോലി നിറുത്തുന്ന കാലഘട്ടം ആണിത്. അതുകൊണ്ട്, കുടുംബ വരുമാനം ഗണ്യമായി കുറയാം.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് വേണ്ടി ഇതിനകം കയ്യിലുള്ള പണത്തിൽ നിന്നു നല്ലൊരു വിഹിതം ചെലവാക്കി കഴിഞ്ഞിട്ടുണ്ടാകും. ചിലരുടെ കൈവശമുള്ള മുഴുവൻ തുകയും ഇതോടു കൂടി തീരാറുണ്ട്. റിട്ടയർമെന്റ് പ്ലാനിംഗ് നന്നായി ചെയ്യാത്തവർക്ക് ഈ ഘട്ടം പ്രശ്‌നകരമായി മാറാം. എന്നാൽ, നിക്ഷപങ്ങളിലൂടെ വരുമാനം നേടിത്തരുന്ന ആസ്തികൾ കെട്ടിപ്പടുക്കുന്നവർക്ക് ഇൻകം ഡിറ്റീറിയറേഷൻ പീരിയഡിൽ സാമ്പത്തിക ക്ലേശങ്ങൾ ഒഴിവാക്കാൻ കഴിയും.
അതുകൊണ്ട് തന്നെ, കൂട്ടുത്തരവാദിത്തത്തോടെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന ദമ്പതികൾക്ക് ഓരോ ഘട്ടവും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.